തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്‌ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ വാദങ്ങളെയെല്ലാം പൂർണമായും മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്നാണായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചിട്ടുണ്ട്. എന്നാൽ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളിൽ നടന്ന നിസ്സാര സംഭവത്തെ പാർവതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിൻ ദാസിന്‍റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂര്‍ കോടതിക്ക് അടുത്ത അഭിഭാഷകന്‍റെ ഓഫീസിൽ സഹപ്രവര്‍ത്തകര്‍ നോക്കി നിൽക്കെയായിരുന്നു ക്രൂരമര്‍ദ്ദനം. പിടിച്ച് നിര്‍ത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.










