ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്

സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വിശദമാക്കി. അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മൊഴി.

ഇതിന് ആധാരമാകുന്ന രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പിന്നാലെ ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുദ്ധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ കുടുംബം ആവശ്യപ്പെട്ടത്. സെപ്തംബര്‍ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിച്ചിരുന്നു.

Top