തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വയലിന്‍ കലാകാരന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്. സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവായ സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. പാലക്കാട് ഒരു ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറുമായി ബാലഭാസ്‌കറിന് വര്‍ഷങ്ങളായി പണമിടപാട് ഉണ്ട്. ഈ ഡോക്ടറുടെ ബന്ധുവാണ് ഡ്രൈവറായ അര്‍ജുന്‍. അതുകൊണ്ട് തന്നെ അപകടത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണെമെന്നും പിതാവ് ആവശ്യപ്പെട്ടു.
പിതാവ് പറയുന്നതിങ്ങനെ: ഡോക്ടറുടെ വീട്ടില്‍ ബാലു തങ്ങിയിട്ടുണ്ട്. അര്‍ജുനാണ് അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത്. പക്ഷേ അര്‍ജുന്‍ പോലീസിനോട് പറഞ്ഞത് ഞാനല്ല ഓടിച്ചിരുന്നത് എന്നാണ്. ബാലഭാസ്‌കറിന്റെ ഭാര്യയായ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനമോടിച്ചിരുന്നത് എന്താണ്. അര്‍ജുന്‍ കള്ളം പറഞ്ഞതാണോ..എങ്കില്‍ അതിന്റെ കാരണമെന്താണ്?
ഏറെക്കാലമായി കുടുംബവുമായി ബാലഭാസ്‌കര്‍ അകന്നു കഴിയുകയായിരുന്നു. അടുത്തിടെയാണ് എല്ലാവരും യോജിപ്പിലായത്. ഇത് സഹിക്കാത്ത ചിലര്‍ അപകടത്തിന് പിന്നിലുണ്ടോയെന്നാണ് സംശയം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറി.
സെപ്തംബര്‍ 24ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. മകള്‍ തേജസ്വിനി തത്ക്ഷണം മരിച്ചു. ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങി. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. ഡ്രൈവര്‍ അര്‍ജുന് ഗുരുതര പരിക്കുണ്ടായിരുന്നില്ല.