ക്രൂരതയുടെ പര്യായമായ സ്ത്രീകളിലെ ചേലാകര്‍മ്മം നിരോധിക്കണമെന്ന് ഹര്‍ജി. ചേലാകര്‍മ്മം നിരോധിച്ച് അത് നടത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമായി പരിഗണിക്കണമെന്നാണ് അഭിഭാഷക സുനിത തിവാരി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയെ കേരളം പിന്താങ്ങുമെന്നാണ് വിവരം.
ഹര്‍ജിയില്‍ കേരളം ഉള്‍പ്പടെ ഉള്ള എതിര്‍കക്ഷികളുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു. സുനിത തിവാരി നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങളെ പിന്തുണയ്ക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കി പ്രത്യേക സത്യവാങ് മൂലം ഫയല്‍ ചെയ്യില്ല.
കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ത്രീകളില്‍ ചേലാകര്‍മം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ചേലാകര്‍മം നടത്തുന്നത്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ ഉള്ളില്‍ തന്നെ ശക്തമായ വിയോജിപ്പ് ചേലാകര്‍മം നടത്തുന്നതിനോട് ഉണ്ടെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
ചേലാകര്‍മം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം ആണെന്ന് നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് വേണ്ടി സ്ത്രീകള്‍ ചേലാകര്‍മം നടത്തേണ്ട ആവശ്യം എന്താണ് എന്ന് കോടതി ആരാഞ്ഞു. സ്ത്രീകള്‍ക്ക് അസ്തിത്വം ഉണ്ട് എന്നും അവര്‍ വളര്‍ത്ത് മൃഗം അല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ചേലാകര്‍മം നടക്കുന്നതായി ഔദ്യോഗിക വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗം ആയി ചേലാകര്‍മം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ദാവൂദി ബോറ സമുദായത്തിലെ ചില സ്ത്രീകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ നാളെയും സുപ്രീം കോടതിയില്‍ വാദം തുടരും.