സ്വന്തം ലേഖകൻ
ന്യൂഡൽഹി : ബാങ്ക് ഉപഭോക്താക്കൾ എ.ടി.എം ഉപയോഗിക്കുന്നതിന്റെ നിരക്കുകൾ വർദ്ധിപ്പിച്ചു. എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്.
സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന നിരക്കാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം അതാത് ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പണം പിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപ ആയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. ഇതിന് 2022 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക. പ്രത്യേക കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.
നേരത്തെ 2014ലാണ് ചാർജുകൾ വർധിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ചാർജുകളിൽ മാറ്റം വരുത്തിയിട്ട് വർഷങ്ങളായെന്ന വാദം ആർ.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു


