പണയപണ്ടമായ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ സിസ് മോള്‍ മുങ്ങി

ആലുവ: ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണയപണ്ടമായ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. യൂണിയന്‍ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് മോള്‍ ആണ് മുങ്ങിയത്. ഇവരുടെ ഭര്‍ത്താവിനെയും കാണാതായിട്ടുണ്ട്. ബാങ്കില്‍ നിന്നും സ്വര്‍ണ പണയത്തിന്മേല്‍ ഈടായി സ്വീകരിച്ച 128 പേരുടെ 8,852 ഗ്രാം സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
പണയം തിരികെയെടുത്തയാള്‍ സ്വര്‍ണം പരിശോധിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. പണയപ്പണ്ടം എടുത്തശേഷം അതേ പോലെയുള്ള മുക്കുപണ്ടം തിരികെ വെച്ചിട്ടുണ്ട്. തുടര്‍ന്ന് ലോക്കറുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 128 പേരുടെ കവറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി. അപ്പോഴാണ് ഇത് പെട്ടെന്ന് നടത്തിയ കൃത്യമല്ലെന്ന നിഗമനത്തില്‍ എത്തിയത്.
ശനിയാഴ്ച രാത്രി ബാങ്ക് മാനേജര്‍ ഷൈജി നല്‍കിയ പരാതിയെ തുടര്‍ന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസ് മോളും ഭര്‍ത്താവും ബാംഗ്ലൂരിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ഇന്ന് വൈകിട്ട് ബാംഗ്ലൂരിലേക്ക് തിരിക്കുമെന്ന് സി.ഐ വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു.ബാങ്കുമായി ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇന്ന് ബാങ്കിലെ മറ്റ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. പല സഹകരണ ബാങ്കുകളിലും ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടയ്ക്ക് പണയ ഉരുപ്പടികള്‍ പരിശോധിക്കക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.

Top