രഹസ്യമായി കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി, പതിനേഴുകാരിയെ ഇരയാക്കി പെണ്‍വാണിഭം.അമ്മായി അടക്കം നാലംഗ സംഘം അറസ്റ്റിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അതുവച്ച് ഭീഷണിപ്പെടുത്തി വാണിഭഎം നടത്തിയ സംഘം അറസ്റ്റിൽ .പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലോഡ്‌ജിലും ഹോം സ്‌റ്റേകളിലും എത്തിച്ച്‌ പത്തിലേറെ പേര്‍ക്കു കാഴ്‌ചവച്ച അമ്മായി അടക്കം നാലംഗ പെണ്‍വാണിഭസംഘം പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മായി കൊല്ലം തേവള്ളി ഓലയില്‍ സ്വദേശിനി ലിനറ്റ്‌(30), കരുനാഗപ്പള്ളിയിലെ ലോഡ്‌ജ്‌ നടത്തിപ്പുകാരനായ പ്രദീപ്‌(33), റിനു(33), നജീം(42) എന്നിവരെയാണ്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ പി.കെ. മധുവിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട്‌ പോലീസ്‌ പിടികൂടിയത്‌. ഇവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

രഹസ്യമായി പകര്‍ത്തിയ കുളിമുറിദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണു പതിനേഴുകാരിയെ സംഘം ഇരയാക്കിയത്‌. കരുനാഗപ്പള്ളിയിലെ ലോഡ്‌ജ്‌ കേന്ദ്രീകരിച്ചായിരുന്നു പീഡനം. തിരുവനന്തപുരം, കൊല്ലം, കൊട്ടിയം എന്നിവിടങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മായി പലര്‍ക്കും കാഴ്‌ചവച്ചെന്നും പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.

കൊല്ലം നഗരത്തിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കെന്നു പറഞ്ഞാണു പെണ്‍കുട്ടി വീട്ടില്‍നിന്നു പോയിരുന്നത്‌. കഴിഞ്ഞ മാസം ഒമ്പതിനു പോയിട്ടു മടങ്ങിവന്നില്ല. തുടര്‍ന്ന്‌ മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും യുവാവിനൊപ്പം നാടുവിട്ടതാണെന്നായിരുന്നു മൊഴി. എന്നാല്‍, പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതോടെ കോടതി നിര്‍ദേശപ്രകാരം കൊട്ടിയത്തെ മഠത്തില്‍ താമസിപ്പിച്ചു. ഇതിനിടെയാണ്‌ പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്‌.

രണ്ടു മാസമായി പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്‌ചവച്ച്‌ ലിനറ്റ്‌ ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചെന്നു പോലീസ്‌ പറയുന്നു. സംഭവത്തില്‍ ഉന്നതരടക്കം നിരവധിപേര്‍ക്കു പങ്കുള്ളതായും സൂചനയുണ്ട്‌. കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്‌ജിലാണ്‌ അമ്മായിയും കൂട്ടരും താമസിച്ചിരുന്നെതന്നും പെണ്‍കുട്ടി പറഞ്ഞു.

ലിനറ്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിലകൂടിയ മൊബൈല്‍ ഫോണുകളും ഏതാനും രേഖകളും കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയേയും കൊട്ടിയത്ത്‌ ഹോം സ്‌റ്റേ നടത്തിപ്പുകാരായ മറ്റു രണ്ടുപേരെയും പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. ഹോം സ്‌റ്റേ നടത്തിപ്പുകാര്‍ക്ക്‌ മറ്റൊരു പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു കേസുള്ളതായും പോലീസ്‌ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Top