തൊടുപുഴ: ഏഴ് വയസ്സുകാരനെ കാലില്‍ തൂക്കി നിലത്തടിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍. ക്രൂര മര്‍ദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലര്‍ച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ഏഴ് വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് മാതാവും കൂടെ താമസിക്കുന്ന യുവാവും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
കട്ടിലില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റെന്നായിരുന്നു മാതാവും യുവാവും ആശുപത്രി അധികൃതരോട് പറഞ്ഞത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് മാത്രമല്ല ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും പരിക്കേറ്റതായി മനസിലായി. തുടര്‍ന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായ മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ശിശു ക്ഷേമ സമിതിയെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചു. ഇളയ മകനെ അയല്‍പക്കത്തെ വീട്ടിലാക്കിയിട്ടാണ് മാതാവും സുഹൃത്തും ആശുപത്രിയില്‍ പോയത്.
നാലു വയസുകാരനായ ഈ കുട്ടിയുടെ ശരീരത്തും മര്‍ദനത്തിന്റെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇളയ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ജ്യേഷ്ഠന് മര്‍ദ്ദനമേറ്റെന്ന് പറഞ്ഞതായി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമത്തിനും കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മര്‍ദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നില്‍ ശക്തമായി അടിച്ചെന്നും, കാലില്‍ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നല്‍കി. തലപൊട്ടി ചോര വന്നപ്പോള്‍ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു.
അമ്മയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി.