കൊച്ചി: യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ അയാളുടെ താമസസ്ഥലത്ത് ചെന്ന് ആക്രമിച്ച കേസിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ജില്ലാ കോടതി ഹര്‍ജി തള്ളിയത്. ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികള്‍ക്കുമെതിരെ പോലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് അറസ്റ്റിന് പോലീസ് ശ്രമിച്ചെങ്കിലും മൂവരും ഒളിവില്‍ പോകുകയായിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എന്താണ് അന്ന് നടന്നതെന്നും ആ സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളും ഭാഗ്യലക്ഷ്മി വിവരിക്കുന്നു..
തങ്ങള്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്നാണ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. അതിക്രമിച്ചു കടന്നു, കവര്‍ച്ച എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
വിജയ് പി നായര്‍ സ്ത്രീകളെ അധിക്ഷേപിച്ച് യു ട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിഷയങ്ങളുടെ തുടക്കം. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഒരുമിച്ച് സ്റ്റാച്യുവിന് അടുത്തുള്ള വിജയ് പി നായരുടെ താമസസ്ഥലത്തെത്തിയത്.
വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് പോയത്. ചര്‍ച്ച നടത്തുക ആയിരുന്നു ലക്ഷ്യം. അല്ലാതെ അതിക്രമിച്ച് കയറിയിട്ടില്ല. മാന്യമായി സംസാരിച്ചാണ് തങ്ങള്‍ തുടങ്ങിയത്. എന്നാല്‍ വിജയ് പി നായരാണ് മോശമായ പദങ്ങള്‍ ഉപയോഗിച്ചതെന്നും തങ്ങള്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ബോധിപ്പിച്ചു. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
പ്രശ്‌നം പരിഹരിക്കാനാണ് പോയത്. അറസ്റ്റ് ഒഴിവാക്കണം. സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ കവര്‍ച്ച കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ പോലീസിനും സംശയമുണ്ട്. മൊബൈലും ലാപ്‌ടോപും പ്രതികള്‍ പോലീസിന് കൈമാറിയിരുന്നു.
കഴിഞ്ഞ മാസം 26നാണ് കേസിന് ആസ്പദമായ സംഭവം. ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വിജയ് പി നായരെ താമസ സ്ഥലത്തെത്തി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ലൈവ് വീഡിയോയും ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പോലീസ് കൃത്യമായ സമയം നടപടിയെടുത്തിരുന്നെങ്കില്‍ ഈ സംഭവത്തിലേക്ക് എത്തുമായിരുന്നില്ല എന്ന വിലയിരുത്തലും പിന്നീടുണ്ടായി.
പ്രതികള്‍ ഒളിവിലാണെങ്കിലും ഇവര്‍ എവിടെയുണ്ട് എന്ന് പോലീസിന് അറിയാം. ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം. ജാമ്യാപേക്ഷയെ ഹൈക്കോടതിയിലും പോലീസ് ശക്തമായി എതിര്‍ക്കുമെന്നാണ് വിവരം. ജാമ്യാപേക്ഷ നിരസിച്ചാല്‍ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതികളുടെ അറസ്റ്റ് മാന്യമായ രീതിയില്‍ വേണമെന്ന് പോലീസിന് നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം.
ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ ഇവർ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തെ തുടർന്നു മറ്റ് നടപടികൾ ഒഴിവാക്കുകയായിരുന്നു. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.