ജനുവരിയോടെ സിപിഐയില്‍ അംഗമാകും:ഞാന്‍ ഇടതുപക്ഷ അനുഭാവിയെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി :ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സിപിഐയില്‍ ചേരുന്നുവെന്ന വാർത്തക്ക സ്ഥിരീകരണം .ജനുവരിയോടെ സിപിഐയില്‍ അംഗമാകും. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംസാരിച്ചുവെന്നും അദ്ദേഹത്തില്‍ നിന്ന് അനുകൂലമായ നിലപാടാണ് ലഭിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.താനെന്നും ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് ഇതിന് മുന്‍പും വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സംസാരിച്ചത്. ഇതിന് ജനുവരിയോടെ തീരുമാനമുണ്ടാകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സി ഉണ്ണിരാജ, പികെ വാസുദേവന്‍ നായര്‍ എന്നിവരുമായുള്ള വ്യക്തിപരമായ അടുപ്പമാണ് സിപിഐയില്‍ ചേരുന്നതിന് പ്രേരണയായതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

സമൂഹത്തിലെ നിരവധിയാളുകളുടെ പ്രശ്‌നങ്ങളില്‍ താന്‍ ഇപ്പോള്‍ സജീവമായി ഇടപെടുന്നുണ്ട്. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് എല്ലാവരെയും സഹായിക്കാനാകുന്നില്ല. അതേസമയം, ഒരു പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെങ്കില്‍ അത് കുറച്ചുകൂടി എളുപ്പമാകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ എളുപ്പമാകും. ഒരു വിശാലമായ വേദി ഇതുവഴി ലഭിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് സിപിഐ എന്ന ചോദ്യത്തിന് രണ്ട് പാര്‍ട്ടികളും വിളിക്കുന്ന മുദ്രാവാക്യം ഒന്നുതന്നെയാണെന്നും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തങ്ങളുടെ കുടുംബത്തേക്ക് സ്വാഗതമെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളും ചര്‍ച്ചകളും എല്ലാ പാര്‍ട്ടിയ്ക്കുള്ളിലും സംഭവിക്കുന്നതാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ആദ്യം ജനങ്ങളുടെ പ്രശ്‌നങ്ങളറിയണം, രാഷ്ട്രീയത്തെ പറ്റി പഠിക്കണം. അതിന് ശേഷമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാവൂ എന്നാണ് തന്റെ നിലപാട്.

കഴിഞ്ഞ വര്‍ഷം ഇടതുപക്ഷ സര്‍ക്കാരിനെ പിടിച്ചുലച്ച വടക്കാഞ്ചേരി പീഡനക്കേസില്‍ നടത്തിയ ഇടപെടലിലൂടെയാണ് ഭാഗ്യലക്ഷ്മി സാമൂഹിക വിഷയങ്ങളില്‍ കൂടുതല്‍ സജീവമായത്. കേസിലെ ഇരയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ഭാഗ്യലക്ഷ്മി പ്രതികളുടെ പേര് പുറത്തുവിട്ടു. സിപിഐഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി മുന്‍ കൗണ്‍സിലറുമായ ജയന്തന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികള്‍. തുടര്‍ന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇരയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകാഞ്ഞതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം.

Top