തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. മൂന്നു കിലോ സ്വര്‍ണമാണു കവര്‍ന്നത്. ജ്വല്ലറികളിലേക്കു സ്വര്‍ണം കൊണ്ടുപോകുമ്പോഴാണു കവര്‍ച്ച നടന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ആഭരണങ്ങളാണു കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11.17ന് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കവര്‍ച്ച നടന്നത്. സമീപത്തെ ഇടവഴിയില്‍ പതിയിരുന്നായിരുന്നു സംഘത്തിന്റെ കവര്‍ച്ച. സ്വര്‍ണവുമായി ആഭരണശാലയിലെ ജീവനക്കാരായ പ്രസാദും റിന്റോയും പോയതിനു പിന്നാലെ മറഞ്ഞിരുന്ന സംഘം ചാടിവീഴുകയായിരുന്നു.
കവര്‍ച്ചാസംഘത്തില്‍ ആറുപേരുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. കവര്‍ച്ചയ്ക്കു ശേഷം വെളുത്ത നിറത്തിലുള്ള ഡിസൈര്‍ കാറില്‍ സംഘം രക്ഷപ്പെട്ടതായാണു വിവരം. 1.80 ലക്ഷം രൂപയുടെ സ്വര്‍ണമാണു സംഘം കവര്‍ന്നതെന്ന് ആഭരണശാലയുടെ ഉടമകള്‍ അറിയിച്ചു. കന്യാകുമാരിയിലേക്കു കൊണ്ടുപോകാനിരുന്ന സ്വര്‍ണമായിരുന്നു ഇതെന്നാണു വിവരം.
മറഞ്ഞിരുന്ന കവര്‍ച്ചാസംഘം ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.