കലാപം ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ട്; കേന്ദ്രത്തിന് വീഴ്ച; മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത കലാപമാണ് മണിപ്പൂരിലേത്. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു.

ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ടാണ് കലാപം പടര്‍ന്നത്. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു. ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ഏത് കാര്യത്തിൽ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയിൽ വിവേചനം ഇല്ലെന്നാണ് അമേരിക്കയിൽ പോയപ്പോൾ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

എന്നാൽ മാത്രമേ അതിൽ ആത്മാർത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്നം. മണിപ്പൂർ കത്തി എരിയുമ്പോൾ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. റബർ വിലയും ഇതും തമ്മിൽ ബന്ധമില്ലെന്നും ഞങ്ങൾ ആരുടെയും ഔദാര്യം ചോദിച്ചത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം.

 

Top