എറണാകുളത്ത് പദ്മജയുടെ സ്ഥാനാർത്ഥിത്വം ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നു. സംസ്ഥാനത്തെ നഗരങ്ങൾ ബിജെപിയോട് കാട്ടുന്ന അടുപ്പം എറണാകുളത്തും ഉണ്ടാകുമോ എന്നാണ് ഇരു മുന്നണികളും ആശങ്ക പെടുന്നത്.പദ്മജയെ പോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കി ബിജെപി അക്ഷരാർഥത്തിൽ ഇരുമുന്നണികളേയും ഞെട്ടിക്കുകയായിരുന്നു.
സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പദ്മജയ്ക്കു മണ്ഡലത്തിൽ ഉള്ള വ്യക്തിബന്ധങ്ങളെയാണ് ഇരു മുന്നണികളും ഭയപ്പെടുന്നത്. പദ്മജ ബിജെപി നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ബിജെപിയിൽ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെ ബിജെപി പദ്മജയെ സ്ഥാനാർത്ഥി യാക്കിയതിലൂടെ വലിയ മുന്നേറ്റം തന്നെയാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.പാർട്ടി വോട്ടുകളും വ്യക്തിപരമായി പദ്മജ പിടിക്കുന്ന വോട്ടുകളും കൂടിചേർന്നാൽ വലിയ മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ബിജെപി.
മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പദ്മജ മേനോന്റെ വ്യക്തിബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എറണാകുളം മണ്ഡലത്തിലെ ഫലം പ്രവചനാതീതമാക്കും.എൽ ഡി എഫും യു ഡി എഫും തമ്മിൽ ശക്തമായ മത്‌സരം നടക്കുന്ന മണ്ഡലത്തിൽ പദ്മജ സ്ഥാനാർത്ഥിയായി എത്തിയത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ സ്വാധീനം മണ്ഡലത്തിൽ വർധിക്കുന്നതും ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
എന്നാൽ ഇരു മുന്നണികളും ബിജെപിയുടെ ഈ പ്രതീക്ഷകളെയാണ് ഭയക്കുന്നതും രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും ഒക്കെ അതീതമായി പദ്മജയ്ക്കുള്ള ബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എങ്ങനെബാധിക്കുമെന്ന് ആശങ്കപ്പെടുന്ന ഇരുമുന്നണികളും ഇതുസംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിന് കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. വികസനവും വിശ്വാസ സംരക്ഷണവും ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും ഒക്കെ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിർണ്ണായക ഘടകമായി ബിജെപി മാറിയിരിക്കുകയാണ്.
യു ഡി എഫിനായി സിറ്റിംഗ് എം എൽ എ ടി ജെ വിനോദും എൽ ഡി എഫിനായി ഷാജി ജോർജുമാണ് മത്സര രംഗത്തുള്ളത്. ഇക്കുറി മണ്ഡലം യു ഡി എഫിൽ നിന്നും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇടതുമുന്നണിയും മണ്ഡലം നിലനിർത്തതാണ് യു ഡി എഫും രംഗത്ത് ഇറങ്ങിയപ്പോൾ ഇരുകൂട്ടർക്കും വലിയ വെല്ലുവിളിയാണ് എൻ ഡി എ സ്ഥാനാർഥി പദ്മജ ഉയർത്തുന്നത്.
ബിജെപിയെ സംബന്ധിച്ചടുത്തോളം എറണാകുളം മണ്ഡലത്തിൽ അവരുടെ തുറുപ്പു ചീട്ടായി മാറിയിരിക്കുന്നത് സ്ഥാനാർഥി പദ്മജ എസ് മേനോൻ തന്നെയാണ്. അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് പദ്മജയ്ക്കു വേണ്ടി മണ്ഡലത്തിൽ എൻ ഡി എ പ്രവർത്തകർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരളത്തിനായി നടത്തിയ വികസന പദ്ധതികളും പദ്മജ പ്രചാരണായുധമാക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ,ജനക്ഷേമ പദ്ധതികൾ അങ്ങനെയെല്ലാം ചർച്ചയാക്കുന്നതിലൂടെ എറണാകുളത്തിന്റെ മനസ് കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപി ഇങ്ങനെ വികസനം ചർച്ചയാക്കുമ്പോൾ അത് സംസ്ഥാനത്ത് മാറിമാറി അധികാരത്തിലിരുന്ന ഇടതു വലതു മുന്നണികളെ പ്രതിരോധത്തിലാക്കുകയാണ്.
മണ്ഡലത്തിൽ എഴുതി തള്ളാൻ കഴിയാത്ത ശക്തിയായി ബിജെപി മാറിയെന്ന യാഥാർഥ്യമാണ് ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് അടിസ്ഥാനം. തങ്ങളുടെ ജയാ പരാജയത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി പദ്മജ എസ് മേനോൻ സ്ഥാനാർത്ഥിയായതോടെ ബിജെപി മാറിയെന്നത് തിരിച്ചറിഞ്ഞാണ് ഇരു മുന്നണികളുടെയും പ്രവർത്തനം. ബിജെപിയെ ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഇരു മുന്നണികളും എറണാകുളം മണ്ഡലത്തിൽ നടത്തുന്നത്.അതേസമയം ബിജെപിയാകട്ടെ ഇരുമുന്നണികളുടെയും ഒത്തുകളിയും വികസനവും പ്രചരണ രംഗത്ത് സജീവ ചർച്ചയാക്കുകയാണ്.