കേരളം ഉൾപ്പെടെ അവശേഷിക്കുന്ന സംസ്ഥാനങ്ങളും ബി.ജെ.പി പിടിക്കുമെന്ന് ജെ.പി.നദ്ദ.

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ബി.ജെ.പിക്ക് അധികാരം കിട്ടാത്ത സംസ്ഥാനങ്ങൾ കൂടി പിടിച്ചെടുക്കുമെന്ന് പുതിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. അമിത് ഷായുടെ പിൻഗാമിയായി ചുമതലയേറ്റശേഷം പാർട്ടി ആസ്ഥാനത്തെ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയാണ് ലോകത്തെ ഏറ്റവും വലിയ പാർട്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ എം.പിമാരും എം.എൽ.എമാരും നമുക്കാണ്. ഇത് അവസാനിക്കാൻ പോകുന്നില്ല. ചില സംസ്ഥാനങ്ങൾ ബാക്കിയാണ്. അവിടെയും എത്തും. പാർട്ടിയെ കൂടുതൽ ഉയരത്തിലെത്തിക്കും. അതിനായി കഠിനാദ്ധ്വാനം ചെയ്യുമെന്നും നദ്ദ പറഞ്ഞു.

ഹിമാചൽപ്രദേശിലെ ഉൾപ്രദേശത്തുനിന്നുവന്ന, രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത തന്നെപ്പോലൊരു സാധാരണ പ്രവർത്തകന് ഇതുപോലൊരു ഉത്തരവാദിത്വം ലഭിച്ചത് ബി.ജെ.പിയുടെ പ്രത്യേകതകൊണ്ടാണ്. തന്നിലർപ്പിച്ച വിശ്വാസത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, അദ്വാനി, മുരളീ മനോഹർ ജോഷി, രാജ്‌നാഥ് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.”നദ്ദ അച്ചടക്കമുള്ള പ്രവർത്തകനാണ്. എന്റെ പഴയ സഹപ്രവർത്തകനാണ്. പാർട്ടിയുടെ അടിസ്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നദ്ദ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുമെന്നുറപ്പുണ്ട്.-പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Top