താമര വിരിയിക്കാന്‍ കോടികളൊഴുകും; പണക്കൊഴുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപി

തിരുവനന്തപുരം: ഇത്തവണ എന്ത് വിലകൊടുത്തും കേരളം പിടിക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പിനായി കോടികളാണ് കേരളത്തിലെത്തുക. കോടികളൊഴുക്കി പ്രചാരണത്തില്‍ മുന്‍പിലെത്താനാണ് ബിജെപിയുടെ നീക്കം അതിനായി പണം ഒരു പ്രശ്‌നമാക്കേണ്ടെന്നാണ് കേന്ദ്രത്തില്‍ നിന്നുളള അറിയിപ്പ്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് നേതൃത്വം നല്‍കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക കേരളത്തിലെ ആര്‍എസ് നേതൃത്വമായിരിക്കും. ആര്‍എസ്എസിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തിലായിരിക്കും ഇത്തവണ കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക.

അത് കൊണ്ട് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കാന്‍ കോര്‍പറേറ്റുകളുടെ കൈയില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പണം ഒഴുക്കാന്‍ നേതൃത്വം നടപടി തുടങ്ങി. സംസ്ഥാനത്ത് 72ല്‍ അധികം സീറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ 72 പ്ലസ്’ എന്ന പേരിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മോദിപ്രഭാവത്തിന് മങ്ങലേറ്റ സാഹചര്യത്തില്‍ പ്രചാരണ രംഗത്തെ ആധിപത്യത്തിലൂടെ മാത്രമേ നേട്ടമുണ്ടാക്കാനാകൂവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് കേരളത്തില്‍ ഇന്നുവരെ നടത്തിയതില്‍ ഏറ്റവും മികച്ച രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി നേതൃത്വം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്‍തോതില്‍ പണം ചെലവിട്ട് വര്‍ണാഭമായ രീതിയില്‍ ഹൈടെക് പ്രചാരണ തന്ത്രങ്ങള്‍ക്കാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിന് പ്രത്യേക സെല്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കും. ഇതിന് വിദഗ്ധരുടെ സേവനം കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രചാരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തും. പ്രധാനമന്ത്രിയെ കൂടാതെ ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും വലിയപട തന്നെ പ്രചാരണ രംഗത്തുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. പ്രചാരണരംഗത്ത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും മറികടക്കുന്ന രീതിയില്‍ വലിയതോതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പണം പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതായും നേതാക്കള്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ബി.ജെ.പി ആണെങ്കിലും എല്ലാത്തിന്റെയും കടിഞ്ഞാണ്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ കൈയിലാണ്. കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തതോടെ മുമ്പെങ്ങുമില്ലാത്തവിധം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍.എസ്.എസ് സജീവമാവുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പേലും ആര്‍.എസ്.എസിന്റെ അംഗീകാരം നിര്‍ബന്ധമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തയാറാക്കുന്നതും ബി.ജെ.പി നേതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതും ആര്‍.എസ്.എസ് നേതൃത്വമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഭവനസന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കണമെന്നാണ് ആര്‍.എസ്.എസ് നിര്‍ദേശം.

Top