ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍; 5 ലക്ഷം രൂപ വരെ ആദായ നികുതി ഇല്ല; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; അസംഘടിത തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് ധനമന്ത്രി പീയുഷ് ഗോയല്‍ തുടക്കം കുറിച്ചത് 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ ബജറ്റാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരെയും ഇടത്തരക്കാരായ നികുതിദായകരെയും കയ്യിലെടുക്കുന്നതാണ് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, ഗോ സംരക്ഷണ പദ്ധതി, കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി, ഇഎസ്‌ഐ പരിധി വര്‍ദ്ധന തുടങ്ങിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പീയുഷ് ഗോയല്‍ ജനപ്രിയ പദ്ധതികള്‍ ആവോളം ഉള്‍ക്കൊള്ളിച്ചാണ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് ലക്ഷം വരെ ആദായനികുതി ഇല്ല

ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന് അഞ്ച് ലക്ഷം രൂപ വരെ വരുമാനമുളളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതാണ്. ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്ന് കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകും. 40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. വാടകയ്ക്ക് 2.4 ലക്ഷം രൂപ വരെ ടിഡിഎസ് ഉണ്ടാകില്ല.

നികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കും

നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവന്‍ രണ്ട് വര്‍ഷത്തിനകം ഓണ്‍ലൈനാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഉണ്ടായി. നികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു. റീഫണ്ടും ഉടനുണ്ടാകും. 5 കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ

രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാകുമെന്ന പ്രഖ്യാപനവും പീയുഷ് ഗോയല്‍ നടത്തി. കഴിഞ്ഞ കുറച്ച് കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കും. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു പണം ലഭിക്കും. ഈ വര്‍ഷം ഇതിനായി 20,000 കോടി വകയിരുത്തും. 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുന്ന പദ്ധതിയാണിത്. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി.

സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമായ മറ്റൊരു തീരുമാനമാണ് ഇഎസ്‌ഐ പരിധി 21,000 രൂപയായി ഉയര്‍ത്തിയത്. ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കം.

ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വന്‍ ബജറ്റ്

പ്രതിരോധ ബജറ്റ് ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി കവിഞ്ഞു. പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. സൈന്യത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞൂവെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

വ്യവസായ വകുപ്പിന്റെ പേര് മാറ്റി ആഭ്യന്തര വ്യാപാര വകുപ്പാക്കുമെന്ന പ്രഖ്യാപനവും ആഭ്യന്തര വ്യാപാരത്തിന് ഇളവുകള്‍ നല്‍കാനുളള തീരുമാനവും രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ്.

റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപ

റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപയാണ് കേന്ദ്ര ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വേയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 1.48 ലക്ഷം കോടിയായിരുന്നു. ഹൈസ്പീഡ് ട്രെയിനുകള്‍, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വര്‍ഷം മുന്‍ഗണന നല്‍കുന്നത്. കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകള്‍ രാജ്യത്തില്ലാതായെന്നും ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. വടക്കു കിഴക്കന്‍ മേഖലകളിലേക്ക് റെയില്‍വേ ചരക്ക് ഗതാഗതം ആരംഭിച്ചു. മേഘാലയയും ത്രിപുരയും റെയില്‍വേ മാപ്പില്‍ വന്നു. സര്‍വീസ് നടത്തുന്ന 100 വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ട്. റെയില്‍വേയ്ക്ക് അപകട രഹിതമായ കാലമാണ് കടന്നു പോയത്. രാജ്യത്ത് ഓരോ ദിവസവും 27 കിലോമീറ്റര്‍ റോഡ് നിര്‍മിക്കപ്പെടുന്നുണ്ട്.

ഹൈവേ വികസനത്തില്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവും മുന്നിലെത്തിയതായും പീയുഷ് ഗോയല്‍ സഭയെ അറിയിച്ചു. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി

പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധിക സീറ്റുകള്‍

ഏഴ് വര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറയ്ക്കാനായെന്ന് പ്രഖ്യാപിച്ച ധനമന്ത്രി എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതി തടയാനായെന്നും സുതാര്യത വര്‍ധിപ്പിക്കാനായെന്നും സഭയെ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധിക സീറ്റുകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. ശുചിത്വ ഭാരത് പദ്ധതി വിജയമായെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

എട്ടുകോടി സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും.

ഭൗതിക, സമൂഹിക അടിസ്ഥാന വികസനവും, ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണ്ണമാക്കല്‍, മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ എന്നിവയിലും ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു.

Top