മംഗളൂരു: വെടിയുണ്ടകളുമായി വിമാനം കയറാനെത്തിയ മലയാളി യുവാവ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. പിതാവിന്റെ ചികില്‍സാര്‍ത്ഥം ഡല്‍ഹി വഴി ചൈനയിലേക്കു പോകാന്‍ കുടുംബസമേതം എത്തിയതായിരുന്നു. മംഗളൂരുവില്‍നിന്നു വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അവിടെനിന്നു ചൈനയിലേക്കു പോകാനായിരുന്നു പരിപാടി.
മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്കിടെ ബാഗില്‍ അഞ്ചു വെടിയുണ്ടകള്‍ കണ്ടെത്തി. തുടര്‍ന്നു വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബജ്‌പെ പൊലീസിനു കൈമാറി. പിതാവിനു ലൈസന്‍സുള്ള തോക്കുണ്ടെന്നും പിതാവിന്റെ ബാഗ് താന്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ അതിനകത്തു പെട്ടുപോയതാണെന്നുമാണു മുഹമ്മദ് ഷെഫീഖ് പറയുന്നത്.
ബജ്‌പെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. മുഹമ്മദ് ഷെഫീഖിന് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.


