തമിഴ്‌നാട്ടിൽ ഇനി ദളപതി യുഗം; സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാർട്ടികളെ ഭരണത്തിൽ നിന്നും താഴെയിറക്കി അധികാരത്തിൽ എത്തിയിരിക്കുകയാണ് വിജയ്. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, തമിഴ് സിനിമാ താരം തൃഷ കൃഷ്ണൻ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

1967ന് ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്‌നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരാകുക. നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണഘടനയുടെ കാവലാളായ ഗവർണറെ കേവല ഭൂരിപക്ഷമുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് അഞ്ച് ദിവസങ്ങളോളം വലിയ പരീക്ഷണം തന്നെ വിജയ് നേരിട്ടു. എംജി ആറിനും ജയലളിതയ്ക്കും ശേഷം കോടികൾ പ്രതിഫലം ലഭിക്കുന്ന സിനിമാ മേഖല ഒഴിവാക്കിയാണ് താരം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വന്നിരിക്കുന്നത്. കന്നിയങ്കത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതിയ വിജയ് കാലങ്ങളായുള്ള കൃത്യമായ ആസൂത്രണത്തിന് പിന്നാലെയാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്.

വിജയ് മക്കൾ ഇയക്കം എന്ന ആരാധകസംഘടന വോട്ടായി മാറുമെന്ന ദീർഘവീക്ഷണം യാഥാർത്ഥ്യമായി. 2024 ഫെബ്രുവരി 2നാണ് ടിവികെ പാർട്ടി പ്രഖ്യാപിച്ചത്. 1974 ജൂൺ 22ന് ചെന്നൈയിലാണ് വിജയ് ജനച്ചത്. പിതാവ് സംവിധായകൻ എസ് എ ചന്ദ്രശേഖറും അമ്മ ഗായിക ശോഭയും. വെട്രി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അദ്ദേഹം 1992ൽ പിതാവ് നിർമിച്ച ‘നാളൈയ തീർപ്പി’ലാണ് ആദ്യമായി നായകനാകുന്നത്.

 

Top