കാര്‍ട്ടൂണിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കാര്‍ട്ടൂണിസ്റ്റ് പിടിയില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ജി ബാലയെ അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയയുടെ പിടിയില്‍പ്പെട്ട നാലംഗ കുടുംബം ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വരച്ച കാര്‍ട്ടൂണാണ് ബാലയ്ക്ക് തിരിച്ചടിയായത്. സംഭവത്തില്‍ മുഖ്യമന്ത്രി, കലക്ടര്‍ എന്നിവരടക്കം സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്ന് അദ്ദേഹം കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചു. ഫേസ്ബുക്കിലാണ് ബാല തന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഈ കാര്‍ട്ടൂണ്‍ വലിയ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. തീപൊള്ളലേറ്റ് കുഞ്ഞ് നിലത്തു കിടക്കുമ്പോള്‍ പളനിസ്വാമിയും കലക്ടറും പോലീസ് കമ്മീഷണറും നോട്ട് കെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്നതായിരുന്നു കാര്‍ട്ടൂണില്‍ ചൂണ്ടിക്കാട്ടിയത്. ബാലയുടെ കാര്‍ട്ടൂണിനെതിരേ ജില്ലാ കലക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീലമാണ് കാര്‍ട്ടൂണില്‍ ഉള്ളതെന്നും ഇതു തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ച് ഐടി ആക്ട് പ്രകാരമാണ് ബാലയെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 23നാണ് തിരുനെല്‍വേലി കലക്ടറേറ്റിനു മുന്നില്‍ കര്‍ഷകകുടുംബം തീകൊളുത്തി ജീവനൊടുക്കിയത്. തങ്ങളെ കൊള്ളപ്പലിശക്കാരില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ കുടുംബം നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം കല്ക്ടറേറ്റിനു മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്.
23

Top