ജീവിതം വഴിമുട്ടിയ ചേന്ദമംഗലം കൈത്തറിയ്ക്ക് കൈത്താങ്ങായി യുവ സംരംഭകര്‍; നവകേരളത്തിന്റെ പ്രതീകമാകും ഈ പാവകള്‍

പ്രളയം ഏതാണ്ട് പൂര്‍ണമായി നശിപ്പിച്ച ചേന്ദമംഗലം കൈത്തറിക്ക് പുതുജീവന്‍ നല്‍കാന്‍ യുവ സംരഭകര്‍. പ്രളയം കനത്ത നാശനഷ്ടങ്ങളാണ് ചേന്ദമംഗലത്ത് വിതച്ചത്. സര്‍ക്കാര്‍ കണക്കാക്കിയ നഷ്ടം മൂന്ന് കോടി രൂപയാണ്. എന്നാല്‍ ഇത് വളെരെ ചെറിയ തുകയാണെന്ന് വിലയിരുത്തിയിരുന്നു.

പറവൂരിലെ അഞ്ച് കൈത്തറി നെയ്ത്ത് സംഘങ്ങള്‍ക്കുതന്നെ ഏതാണ്ട് നാല് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ട്. കൂടാതെ മേഖലയില്‍ വീടുകളിലെ മൂന്നൂറിലേറെ തറികളും നെയ്ത്ത്ശാലകളും നശിച്ചിട്ടുണ്ട്. മഴ കനത്തതോടെ ഒന്നര മാസത്തിലേറെയായി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഇവര്‍ക്ക് കൈത്താങ്ങാകാന്‍ എത്തിയിരിക്കുകയാണ് വനിതാ സംരംഭകയായ ലക്ഷമി മേനോന്റെ നേതൃത്വത്തിലുള്ള സംഘം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയം ബാക്കി വെച്ച കൈത്തറിയുല്‍പ്പന്നങ്ങളില്‍ നിന്ന് കുഞ്ഞ് പാവകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ തയ്യാറെടുക്കുകയാണ് വനിതാ സംരഭകയായ ലക്ഷ്മി മേനോനും സംഘവും. ആര്‍ക്കു വേണമെങ്കിലും ഈ സംരഭത്തില്‍ പങ്കാളിയാകാമെന്നും ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും കൈത്തറി സംഘത്തിന് കൈമാറുമെന്നും ലക്ഷ്മി മേനോന്‍ അറിയിച്ചു.

പറവൂര്‍ ചേന്ദമംഗലത്തെ കൈത്തറി സംഘത്തിന്റെ പ്രതീക്ഷകളും ജീവിത മാര്‍ഗ്ഗവുമാണ് പ്രളയം തകര്‍ത്തത്. തങ്ങള്‍ നെയ്തെടുത്തവ ഇനി കത്തിച്ചു കളയുകയല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥയില്‍ ഇവരെ കൈപിടിച്ചുയര്‍ത്തുകയാണ് യുവ വനിതാ സംരംഭകയായ ലക്ഷ്മി മേനോന്‍. പ്രളയം ബാക്കി വെച്ച ഉല്‍പ്പന്നങ്ങളില്‍ നിന്ന് കുഞ്ഞുപാവകള്‍ നിര്‍മ്മിച്ച് വിപണനം നടത്താനൊരുങ്ങുകയാണ് ഇവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍.സേവന മനസ്സുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാവാമെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു.

ഒരു പാവക്ക് 25 രൂപ നിരക്കില്‍ വില്‍ക്കാനാണ് തീരുമാനം.ഒരു സാരിയില്‍ നിന്ന് 350 പാവകള്‍ വരെ നിര്‍മ്മിക്കാമെന്നാണ് കണക്കുകൂട്ടല്‍.1500 രൂപ വില ലഭിക്കുമായിരുന്ന ഒരു സാരിയില്‍ നിന്ന് 350 പാവകളെ നിര്‍മ്മിച്ച് വില്‍ക്കുമ്പോള്‍ വരുമാനം പതിന്മടങ്ങ് വര്‍ധിക്കുന്നു.ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും കൈത്തറി സംഘത്തിന് നല്‍കാനാണ് തീരുമാനമെന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു.

ചേറില്‍ നിന്ന് വന്ന പാവക്കുട്ടിക്ക് ചേക്കുട്ടി എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.ചേക്കുട്ടിക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക പേജും തുടങ്ങിയിട്ടുണ്ടെന്ന് യുവ സംരംഭകനും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവവുമായിരുന്ന ഗോപിനാഥ് പാറയില്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ ജീവിതം വഴിമുട്ടിയ കൈത്തറി സംഘത്തിന്റെ ഈ പുതുസംരംഭത്തില്‍ പിറവിയെടുക്കുന്ന കുഞ്ഞു പാവകള്‍ നവകേരളത്തിന്റെ പുത്തന്‍ പ്രതീകമാണെന്ന് ഇവര്‍ക്ക് വഴികാട്ടിയാവുന്ന യുവസംരംഭകര്‍ പറയുന്നു.

Top