കൊച്ചി:കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും അവരെ യുഡിഎഫ് യോഗത്തിൽ നിന്ന് മാറ്റിനിർത്തുക മാത്രമാണ് ചെയ്തത് എന്നും യുഡിഎഫ് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരള കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. നാല് പതിറ്റാണ്ടായി കേരള കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നു. യു.ഡി.എഫ് തീരുമാനം അംഗീകരിച്ചാൽ കേരളാ കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് രമേശ് വ്യക്തമാക്കി.കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. എട്ട് മാസം ജോസ് വിഭാഗം 6 മാസം പി ജെ ജോസഫ് വിഭാഗം എന്നിങ്ങനെയായിരുന്നു ധാരണ. ഈ തീരുമാനം ഇരുകൂട്ടരേയും അറിയിച്ചിരുന്നു.
ജില്ലാ പഞ്ചായത്തംഗങ്ങളോട് ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എട്ടാം മാസം ജോസ് വിഭാഗം രാജിവെച്ചില്ല. കൊവിഡ് കാരണം മൂന്നു മാസം വീണ്ടും ഇത് നീണ്ടു പോയി. ഇതിന് പിന്നാലെ പി.ജെ വിഭാഗം അവകാശവാദം ഉന്നയിച്ചു. നാല് മാസമായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടന്നുവരികയായിരുന്നു. ഫലപ്രദമായ തീരുമാനത്തിലെത്താൻ തുടർ ചർച്ചകൾക്കായില്ല. തുടർന്ന് രാജിവയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. എന്നിട്ടും രാജിവെച്ചില്ല. ധാരണയേ ഇല്ലെന്ന നിലപാട് സ്വീകരിച്ചു. എന്നിട്ടും വീണ്ടും ചർച്ച നടന്നു. തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു.
അതേസമയം കേരള കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്നൊരു പൊതുവികാരം ഉയർന്നിട്ടുള്ളതായി ജോസ് കെ മാണി. യുഡിഎഫ് യോഗത്തിന് മുൻപ് വരെ പുറത്താക്കൽ നടപടിയിൽ ഒരു തിരുത്തലും ഉണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ തിരുത്തൽ വന്നു. അത് രാഷ്ട്രീയ നിലപാടിലല്ല. സാങ്കേതിക തിരുത്തൽ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ജോസ് കെ മണി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാടിൽ ഒരു മാറ്റവുമുണ്ടാവില്ല. യുഡിഎഫ് യോഗം പറയുന്നതിനനുസരിച്ച് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് കൂറുമാറിയ വ്യക്തിക്ക് പാരിതോഷികമായി സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന് പറയുന്നത് നീതിയാണോ? അത് ‘രാഷ്ട്രീയ എത്തിക്ക്‌സ്’ ആണോയെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഈ സാങ്കേതിക തിരുത്തലിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു ലോക്കൽ ബോഡി പ്രശ്‌നത്തിൽ നാല് പതിറ്റാണ്ടായി നിലകൊണ്ട പാർട്ടിയെ ഒറ്റ സെക്കന്റ് കൊണ്ട് പുറത്താക്കുന്ന നടപടി കേട്ട് കേഴ് വി പോലുമില്ലാത്ത കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.കാരുണ്യ പദ്ധതി മാണി സാറിന്റെ സമയത്ത് ഉണ്ടയിരുന്ന തീതിയിൽ കൊണ്ട് പോകണമെന്നും എല്ലാ രോഗങ്ങളെയും പദ്ധതി കവർ ചെയ്യപ്പെടണമെന്നും ജോസ് കെ മാണി പറഞ്ഞു.