8 പെണ്‍കുട്ടകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പാകിസ്താനില്‍ പിടിയില്‍

ലഹോര്‍: പാക്കിസ്താനില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്തയാള്‍ പൊലീസ് പിടിയില്‍. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട എട്ടുവയസ്സുകാരി സൈനബ് അന്‍സാരിയെ കൊലപ്പെടുത്തിയ യുവാവാണു പിടിയിലായത്. സൈനബിനെ കാണാതായി നാലു ദിവസം കഴിഞ്ഞപ്പോള്‍ മാനഭംഗപ്പെടുത്തി കൊലചെയ്ത നിലയില്‍ മൃതദേഹം നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തുകയായിരുന്നു. പാക്ക് സര്‍ക്കാര്‍ ഉചിതനടപടികളെടുക്കുന്നില്ലെന്നാരോപിച്ച് വന്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണു പ്രതിയുടെ അറസ്റ്റ്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ത്തന്നെയുള്ള ഇമ്രാന്‍ അലി(24) ആണു പിടിയിലായത്. ഇയാള്‍ സൈനബിന്റെ അയല്‍ക്കാരനാണ്. സൈനബിന്റെ മരണത്തിനു സമാനമായ പന്ത്രണ്ടാമത്തെ കൊലപാതകമാണ് നഗരത്തില്‍ നടന്നതെന്നു പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ ‘സീരിയല്‍ കില്ലറാ’ണെന്നും പരാതി ഉയര്‍ന്നു. ഇക്കാര്യം ഉറപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പൊലീസും പുറത്തുവിട്ടിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തിയതായി പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹ്ബാസ് ഷരിഫ് പറഞ്ഞു. ഡിഎന്‍എ പരിശോധനയിലെ തെളിവുകളും പ്രതിക്കെതിരാണ്. കാണാതായ ദിവസം ഒരാള്‍ക്കൊപ്പം സൈനബ് ശാന്തയായി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് പരിചയമുള്ളയാളാണു കൊലയ്ക്കു പിന്നിലെന്നു തെളിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കൊല ചെയ്തതായി ഇമ്രാന്‍ വെളിപ്പെടുത്തി. ഏഴു പേരെയെങ്കിലും മാനഭംഗപ്പെടുത്തി കൊല ചെയ്തതായി ഇമ്രാന്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ഫലം കാത്തിരിക്കുകയായിരുന്നു. ആയിരത്തോളം പേര്‍ക്കാണ് കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. സൈനബിനു നീതി കിട്ടണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് അലയടിച്ചത്.

Top