വാഷിങ്ടൻ: ഇറാന്‍-ഇസ്രയേല്‍ പോര് ഇരുപക്ഷത്തും വിട്ടുവീഴ്ച്ചയില്ലാതെ തുടരുകയാണ്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണ് പാര്‍സ് റിഫൈനറി. അതേസമയം ഏതെങ്കിലും തരത്തിൽ യുഎസിനുനേരെ ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് . ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ യുഎസിന് ഒരു പങ്കുമില്ലെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തിൽ യുഎസിന് യാതൊരു പങ്കുമില്ല. എന്നാൽ ഇറാൻ ഏതെങ്കിലും തരത്തിൽ ഞങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ ഇതുവരെ കാണാത്ത തരത്തിൽ യുഎസ് സൈന്യത്തിന്റെ മുഴുവൻ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കും.’–ട്രംപ് പറഞ്ഞു. ഇസ്രയേലിനെയും ഉടമ്പടിയിൽ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോഴും വളരെയെളുപ്പത്തിൽ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
തുടർച്ചയായ രണ്ടാം ദിനവും ഇസ്രായേലും ഇറാനും തമ്മില്‍ രൂക്ഷമായ ആകാശയുദ്ധം. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഭേദിച്ച് എത്തിയ ഇറാന്റെ മിസൈല്‍ ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളില്‍ പതിച്ചു. ഒരു ഇസ്രായേല്‍ സ്ത്രീ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഇറാനെതിരെ കടുത്ത രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്.
ഇറാന്റെ എണ്ണപ്പാടങ്ങള്‍ അടക്കം ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണം. ടെഹ്റാന് സമീപം സ്ഥിതി ചെയ്യുന്ന ഷഹ്റാൻ ഇന്ധന ഡിപ്പോയും ഷഹർ റേയ് ഓയിൽ റിഫൈനറിയും തകർന്നതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനും അപ്പുറത്തുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവിധ റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാന്‍ എന്നതിനാല്‍ റിഫൈനറികള്‍ കേന്ദ്രീകരിച്ചുള്ള ഈ ആക്രണം ആഗോള ക്രൂഡ് ഓയില്‍ വ്യാപാര രംഗത്തും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.
ടെഹ്റാന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഷഹ്റാൻ ഇന്ധന ഡിപ്പോയിലെ 11 സ്റ്റോറേജ് ടാങ്കുകൾ ഇസ്രായേൽ ആക്രമണത്തിൽ തീപിടിച്ചുവെന്നാണ് ഇറാന്‍ എണ്ണ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഈ ഡിപ്പോയിൽ ദിനംപ്രതി 8 ദശലക്ഷം ലിറ്റർ ഗ്യാസോലിൻ സംഭരിക്കപ്പെടുന്നുണ്ട്. അതേസമയം ‘ഒന്നിനുപിറകെ ഒന്നായി ഡിപ്പോകൾ പൊട്ടിത്തെറിക്കുകയാണ്, ഇത് ഭയാനകവും ഉച്ചത്തിലുള്ളതുമാണ്’ എന്നാണ് ഷഹ്റാനിലെ താമസക്കാരനായ മുസ്തഫ ഷംസ് എന്നയാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആക്രമണം നേരിട്ട ഷഹർ റേയ് ഓയിൽ റിഫൈനറി, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണ്. സേനകൾ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തീയും പുകയും നഗരത്തിന്റെ ആകാശത്തെയാകെ മൂടിയിരിക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈൽ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെൽ അവീവ് അടക്കമുള്ള ഇസ്രയേൽ നഗരങ്ങളിൽ ഇറാനും മിസൈലാക്രമണം നടത്തി. ഇറാൻ അയച്ച 7 ഡ്രോണുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ആറുപേർ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ആക്രമണങ്ങളിൽ അനേകം കെട്ടിടങ്ങളും തകർന്നു.
ഇറാന്റെ ഊർജ്ജ മേഖലയെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണം ഒരു തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എണ്ണ കയറ്റുമതി ഒരു പ്രധാന വരുമാന സ്രോതസ്സാണ്. കൂടാതെ ഈ ആക്രമണങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര ഊർജ്ജ വിതരണത്തേയും തടസ്സപ്പെടുത്തിയേക്കാം. ശനിയാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖലകളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന്റെ ഒരു ഭാഗവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം എണ്ണ വിലയില്‍ മുന്നേറ്റവുമുണ്ടായി. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില 7% ഉയർന്ന് ബാരലിന് 70 ഡോളറിന് മുകളിലെത്തി. 2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വർധനയാണിത്. ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണ തടസ്സത്തിന്റെ ഭീഷണിയാണ് വിപണികളെ ആകെ സമ്മർദ്ദത്തിലാക്കുന്നത്. ദിനംപ്രതി 2 ദശലക്ഷം ബാരലിലധികം എണ്ണയും ഇന്ധനവുമാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നുത്. ഇതിൽ 90% ചൈനയിലേക്കാണ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലായ ഖാർഗ് ദ്വീപ് ആക്രമണങ്ങളിൽ തകർന്നിട്ടില്ലെങ്കിലും, തുടർന്നുള്ള ആക്രമണങ്ങൾ ഇവിടേയും ലക്ഷ്യമിട്ടേക്കാമെന്ന ആശങ്ക വിപണികളിൽ നിലനിൽക്കുന്നു. ഖാർഗ് ദ്വീപിന് ഒരു ആക്രമണം നേരിട്ടാൽ, ഇറാന്റെ എണ്ണ കയറ്റുമതി ശേഷി തകർന്നേക്കാമെന്നും, ഇത് ആഗോള എണ്ണ വിലകളിൽ കുത്തനെ വർധനവിന് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോളവിപണിയില്‍ എണ്ണ വില വർധനവ് നേരിട്ടാല്‍ അത് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യയേയും ബാധിക്കും. ഇസ്രായേലിന്റെ ഈ ആക്രമണം, ഇറാന്റെ ഊർജ്ജ മേഖലയെ ആക്രമിക്കാൻ തയ്യാറാണെന്ന ഒരു മുന്നറിയിപ്പാണെന്ന് എനർജി ആസ്പെക്ട്സിന്റെ ജിയോപൊളിറ്റിക്സ് മേധാവി റിച്ചാർഡ് ബ്രോൺസ് സൂചിപ്പിക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം ഊർജ്ജ സൗകര്യങ്ങളെ ആക്രമിച്ചാല്‍ ഇത് മേഖലയിലെ മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന തരത്തിലുള്ള ഒരു വലിയ യുദ്ധത്തിന് കാരണമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്ഥിതി അതീവ ഗുരുതരമാകുകയാണെങ്കില്‍ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഈ കടലിടുക്കിലൂടെയാണ ലോകത്തിന്റെ ദിനംപ്രതി എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് (20 ദശലക്ഷം ബാരൽ) കടന്നുപോകുന്നത്. ഇത് അടച്ചാൽ, എണ്ണ വിലകൾ ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും ലോകത്ത് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും. അതേസമയം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്ക് റിസർവ് ഉൽപ്പാദന ശേഷി ഉണ്ട്. ഇവക്ക് ഇറാന്റെ എണ്ണ വിതരണത്തിലെ കുറവ് നികത്താൻ കഴിഞ്ഞേക്കും. അമേരിക്കയുടെയും ചൈനയുടെയും സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളും വിപണിയിലെ തടസ്സങ്ങൾ ലഘൂകരിക്കാൻ ഉപയോഗിക്കാം.


