കര്‍ഷകരുടെ മേല്‍ ജപ്തി നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ബാങ്കുകളുടെ നിലപാടുകള്‍ക്കെതിരെയും കര്‍ഷകരെ രക്ഷിക്കാന്‍ തയാറാകാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടികള്‍ക്കെതിരെയും ജില്ലയില്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ച പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കും.
കല്‍പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ഒന്നാംഘട്ടമെന്ന നിലയില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. രണ്ടാംഘട്ടമായി, കഴിഞ്ഞ ദിവസം ജില്ലയിലെ 35 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി.
സമരത്തിന്‍റെ മൂന്നാംഘട്ടമെന്ന നിലയില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര – സംസ്ഥാന ധനകാര്യ മന്ത്രിമാര്‍, കൃഷി മന്ത്രിമാര്‍ എന്നിവര്‍ക്ക് പതിനായിരം കത്തുകള്‍ അയക്കും.
ജില്ലതല ഉദ്ഘാടനം മാര്‍ച്ച് 10ന് കല്‍പറ്റയില്‍ നടക്കും. മാര്‍ച്ച് 14ന് ജില്ലയിലെ മുഴുവന്‍ പോസ്റ്റ് ഓഫിസുകളില്‍നിന്നും കത്തുകള്‍ അയക്കും. രാപ്പകല്‍ സമരവും കലക്ടറേറ്റ് ഉപരോധവും അടക്കമുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കും.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കെ-റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് ഏഴിന് രാവിലെ 10ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കലക്ടറേറ്റ് മാര്‍ച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്ബതിന് പിണങ്ങോട് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിചേരും.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, എം.എ. ജോസഫ്, എം.ജി. ബിജു, ഡി.പി. രാജശേഖരന്‍, കെ.ഇ. വിനയന്‍, പി.ഡി. സജി, സി. ജയപ്രസാദ്, ബിനു തോമസ്, ഉമ്മര്‍ കുണ്ടാട്ടില്‍, മാണി ഫ്രാന്‍സിസ്, നിസി അഹമ്മദ്, ജി. വിജയമ്മ എന്നിവര്‍ സംസാരിച്ചു.