വര്‍ദ്ധിത വീര്യത്തോടെ രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി നിരാശയോ വിഷാദമോ പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല പോരാട്ടവീര്യം നിറയ്ക്കുന്ന വാക്കുകളാല്‍ സഭയില്‍ ചുരുങ്ങിയ എണ്ണം മാത്രമുള്ള കോണ്‍ഗ്രസ് എംപിമാരെ ഉത്തേജിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ 52 എംപിമാര്‍ ഒരോ ഇഞ്ചും ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ബിജെപിയെ പ്രതിരോധിക്കാന്‍ 52 എംപിമാര്‍ ധാരാളമാണ്. ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് ഉത്സാഹത്തോടെ മുന്നോട്ടു പോകണം’, രാഹുല്‍ എംപിമാരോടു പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭയില്‍ 303 എം.പിമാരുള്ള ബി.ജെ.പിയോട് പോരാടാന്‍ കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മതിയെന്നും ശക്തമായി തന്നെ ബി.ജെ.പിയെ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ 52 പേരേയുള്ളൂ. എന്നാല്‍ ഈ 52 പേരും ബി.ജെ.പിക്കെതിരെ ഓരോ ഇഞ്ചിലും പോരാട്ടം നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.
ഓരോ ദിവസവും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കാന്‍ ഇത്ര പേര്‍ തന്നെ ധാരാളമാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്ന ബോധ്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടാകണമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ബി.ജെ.പി എം.പിമാരില്‍ നിന്ന് അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാമെന്നും എന്നാല്‍ അതെല്ലാം ആസ്വാദിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ എം.പിമാരോട് നിര്‍ദ്ദേശിച്ചു.
അതേസമയം, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ യോഗം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ആരാവണമെന്ന് ഇനി സോണിയാ ഗാന്ധി തീരുമാനിക്കും. ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുവരെ ചുമതല വഹിച്ചത്. എന്നാല്‍ കര്‍ണാടകയിലെ ഗുല്‍ബാര്‍ഗയില്‍ നിന്നും മത്സരിച്ച അദ്ദേഹത്തിന് വിജയിക്കാനായില്ല.
രാജ്യസഭയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട 52 ലോക്സഭാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. രാഹുല്‍ തന്റെ രാജി തീരുമാനം പിന്‍വലിക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.