കൊച്ചി : സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തിൽ വീണ്ടും കൊറോണ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗപ്രതിരോധം ലക്ഷ്യമിട്ട് നിർദ്ദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡും . രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡ് പ്രധാനമായും നിർദേശിക്കുന്നത്. മാസ പൂജക്കായി വെള്ളിയാഴ്ച വൈകിട്ടാണ് നട തുറക്കുക.
ഇതിനു മുൻപായി സംസ്ഥാന ആരോഗ്യ വകുപ്പുമായി ആലോചിച്ചുകൊണ്ട് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. എന്നാൽ പത്തനംതിട്ടയിലെ കൊറോണ ബാധ പരിഗണിച്ചുകൊണ്ട് ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായി തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല.അതേസമയം, ഇറ്റലിയിൽ നിന്നെത്തിയ കൊറോണ സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേർ നിരീക്ഷണത്തിലാണ്. ഇതിൽ മൂന്നു പൊലീസുകാരും ഉൾപ്പെടുന്നു. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജില്ലയിൽ കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.0468 2228220, 0468 2322515, 9188293118, 9188803119 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ.