ദില്ലി: കൊവിഡ് കേസുകളുടെ കുതിച്ചുകയറ്റത്തിൽ വിറച്ച് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.86 ലക്ഷം കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 3,86452 കേസുകളാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. 3498 മരണങ്ങളും 24 മണിക്കൂറിനിടെ റെക്കോര്‍ഡ് ചെയ്തു. പതിനായിരം കേസുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 3498 പേര്‍ ഈ സമയത്തിനുള്ളില്‍ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. ബംഗളൂരു നഗരത്തില്‍ കൊവിഡ് വ്യാപന തോത് കൂടുന്നു. 20,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണം എന്ന് നീതി ആയോഗ് ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നും നിഗമനം.
രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന പ്രാദേശിക നിയന്ത്രണങ്ങളിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ അതിതീവ്രവ്യാപന മേഖലകളായി കണക്കാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.