ന്യൂഡല്‍ഹി: എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ. നീറ്റ്, പിജി കൗണിസിലിങ് വൈകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കാലതാമസം ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ ആവശ്യം. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍ നിരപോരാളികള്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും പുതിയ വകഭേദം പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനക്കൂട്ടം ഒഴിവാക്കാനുള്ള കൃത്യമായ ശ്രമം തുടരണം. പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുകയാണ്. എന്നാല്‍ അതിന്റെ വ്യാപനശേഷി എത്രയെന്ന് വ്യക്തമല്ല. അതുകൊണ്ട് കൃത്യമായ മുന്നൊരുക്കം നടത്തണമെന്നും ജയലാല്‍ പറഞ്ഞു.
ഇന്നലെ രാജ്യത്ത് 24 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,27,96,38,289 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയത്. ഇതില്‍ 80,17,89,352 എണ്ണം ആദ്യ ഡോസുകളും 47,78,48,937 എണ്ണം രണ്ടാം ഡോസുകളുമാണ്.