കിളിമാനൂര്‍: വനിതാ പഞ്ചാത്ത് പ്രസിഡന്റിന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി. സിപിഎം പ്രവര്‍ത്തകയും പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്. സിന്ധുവാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ തന്നെ പരാതി നല്‍കിയിരിക്കുന്നത്.
സി.പി.എം പ്രവര്‍ത്തകനും പഞ്ചായത്തിലെ മുന്‍ താത്കാലിക ഡ്രൈവറുമായിരുന്ന കുന്നുമ്മല്‍ സ്വദേശിയായ യുവാവിനെതിരെയാണ് ആറ്റിങ്ങള്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത് . സി.പി.എം പ്രവര്‍ത്തകരും ഭാരവാഹികളുമായ കുന്നുമ്മല്‍ സ്വദേശി ഉള്‍പ്പെട്ട മൂന്നംഗ സംഘമാണ് തനിക്കെതിരെ അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തുന്നതെന്ന് സിന്ധു പരാതിയില്‍ പറഞ്ഞു.
നഗ്‌നചിത്രം പ്രചരിക്കുന്ന വിവരം സഹപ്രവര്‍ത്തകര്‍ മുഖേനയാണ് താന്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗ്‌നചിത്രം വ്യാപകമായി പ്രചരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് സി.പി.എം നേതൃത്വത്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കി. ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്കും പരാതി നല്‍കി. തന്റേതായി പ്രചരിക്കുന്ന വ്യാജ നഗ്‌നചിത്രത്തിന്റെ ഉറവിടം കണ്ടെത്തി പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സൈബര്‍സെല്ലിനും മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സിന്ധു പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നുമ്മല്‍ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. വര്‍ഷങ്ങളായി ഒരു സംഘം പാര്‍ട്ടിപ്രവര്‍ത്തകരും മറ്റ് ചിലരും സംഘടിതമായി തന്നെ മാനസികമായി വേട്ടയാടിവരുകയായിരുന്നെന്ന് സിന്ധു പറഞ്ഞു. ഇല്ലാത്ത കഥകള്‍ മെനഞ്ഞ് തന്നെ താറടിച്ച് കാട്ടുന്ന സംഘം താന്‍ പ്രസിഡന്റായ ശേഷവും ഇത് തുടരുന്നതിന്റെ തെളിവാണ് നഗ്‌നചിത്ര പ്രചാരണം. നേരത്തേ തന്റെ കുടുംബജീവിതം തകര്‍ക്കുന്നതിനും ഇവര്‍ ശ്രമിച്ചിരുന്നു.


