ടീമിന് കരുത്ത് പകരാന്‍ ഇവര്‍ വേണം: സെമി ഫൈനലിനുള്ള ടീമില്‍ മാറ്റം നിര്‍ദ്ദേശിച്ച് സച്ചിന്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ന്യൂസിലാന്‍ഡുമായി നടക്കുന്ന ആദ്യസെമിഫൈനല്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഇലവനെക്കുറിച്ച് ടീം മാനേജ്‌മെന്റിന്റെ ചര്‍ത്തകള്‍ നടക്കുന്നതിനിടെയാണ് സച്ചിന്റെ അഭിപ്രായം.

അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജയെ തിര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന്‍ പറയുന്നത്. ഏഴാം നമ്പറില്‍ കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്നതിനെക്കാള്‍ നല്ലത് ജഡേജയാണെന്നാണ് സച്ചിന്റെ അഭിപ്രായം. ജഡേജ ടീമിലുണ്ടെങ്കില്‍ ഇടം കൈയ്യന്‍ സ്പിന്നറുടെ സേവനംകൂടി ഇന്ത്യക്ക് ലഭിക്കുന്നത് ഗുണം ചെയ്യും.

ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷമി തിരിച്ചെത്തണമെന്നും സച്ചിന്‍ പറയുന്നു. നാല് സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ടീമില്‍ വേണം. ഷമി തിരിച്ചെത്തുന്നതാണ് നല്ലതെന്നും സച്ചിന്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഷമി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാല്‍ ഷമിയുടെ സാന്നിദ്ധ്യം ടീമിന് കരുത്തേകുമെന്നും സച്ചിന്‍ പറയുന്നു.

സച്ചിന്റെ അഭിപ്രായമനുസരിച്ചാണെങ്കില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്നറുമാണ് ടീമില്‍ വേണ്ടത്. ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും. ബാറ്റിംഗ് നിരയില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാരും. ലോകകപ്പില്‍ രണ്ട് മത്സരങ്ങളിലിറങ്ങിയ ദിനേശ് കാര്‍ത്തിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെ എട്ട് റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്. ശ്രീലങ്കക്കെതിരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

ആദ്യ സെമിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും. ഈ ലോകകപ്പില്‍ ഇതുവരെ നേര്‍ക്കുനേര്‍ വരാത്ത രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം

Top