പല ആദിവാസി കോളനിയും മഴക്കാലം ആകുന്നതോടെ ദുരിതക്കയത്തില്‍ ആയിരിക്കും. പല കോളനികളുടെയും ഇപ്പോഴത്തെ വിഷയം എടുത്താല്‍ പൊങ്ങാത്ത കറന്‍റ് ബില്‍ ആണ്. കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രമങ്ങളിലെ മിക്ക കോളനികളിലും ഭാരിച്ച കറന്‍റ് ബില്ലാണ് വന്നിരിക്കുന്നത്. കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിനിവാസികള്‍ക്ക് കറന്‍റ് ബില്‍ ഷോക്കായി മാറിയിരിക്കുകയാണ്. വീട്ടമ്മയായ മഞ്ചി വെള്ളനു കിട്ടിയത്10,238 രൂപയുടെ ബില്‍. മിക്ക കുടുംബങ്ങളുടേതും 5,000 രൂപയ്ക്കു മുകളിലാണു ബില്‍ത്തുക. പഴയകുടിശികയും സര്‍ച്ചാര്‍ജും ചേര്‍ത്തതാണു വന്‍ തുകയുടെ ബില്‍ ലഭിക്കാന്‍ കാരണം. മലയോരത്തെ മിക്ക ആദിവാസി കോളനികളിലും കനത്തബില്ലാണു കിട്ടിയിരിക്കുന്നത്. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ 13 കോളനികളില്‍നിന്നായി കേളകം സെക്ഷനില്‍ കഴിഞ്ഞ ഫെബ്രുവരി 28 വരെ അടയ്ക്കാനുള്ള ബില്‍ത്തുക 5,96,895 രൂപ. ഇതില്‍ പൂക്കുണ്ട് കോളനിയില്‍ മാത്രം 73,212 രൂപയാണ് അടയ്ക്കേണ്ടത്. ബില്‍ത്തുക എത്രയായാലും വൈദ്യുതി വിച്ഛേദിക്കാത്തതു കൊണ്ടാണിതെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. ബില്‍ അടയ്ക്കാമെന്ന് കണക്ഷന്‍ നല്‍കിയപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തതായി ആക്ഷേപമുണ്ട്. എന്നാല്‍, പഞ്ചായത്തുകള്‍ ഇവരുടെ ബില്‍ അടയ്ക്കാറില്ല. ഇത്രയും വലിയ തുക അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് ആദിവാസികള്‍ പറഞ്ഞു.


