സ്വപ്ന സുരേഷിനും സരിത്തിനും ഡോളർ കടത്തിലും കുരുക്ക്!..ശിവശങ്കറും പ്രതിയാകുമോ ?

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉൾപ്പെട്ട ഡോളർ കടത്തിലും എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. ഇന്നലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് വിദേശനാണ്യക്കടത്തുമായി ബന്ധപ്പെട്ട്. കസ്റ്റംസിനും, എൻഐഎയ്ക്കും അറസ്റ്റിന് നിയമ തടസ്സങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ശിവശങ്കറിൻ്റെ അറസ്റ്റ് സാദ്ധ്യത തള്ളിയിട്ടില്ല.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനൊപ്പം നടത്തിയ വിദേശയാത്രകളിലുൾപ്പെടെ സ്വപ്ന സുരേഷ് ഡോളർ കടത്തിയതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത്തരത്തിലുള്ള വിദേശനാണ്യക്കടത്ത് എം ശിവശങ്കർ കൂടി അറിഞ്ഞായിരുന്നുവെന്ന സ്വപ്നയുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ ഇന്നലെ കസ്റ്റംസ് തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തത്.

സ്വർണ്ണക്കടത്ത് കേസിന് പുറമേ ലോക്കർ ഇടപാട്, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലുമാണ് കസ്റ്റംസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് തേടിയിട്ടുണ്ട്. ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശുപത്രി ഔദ്യോഗിക ബുള്ളറ്റിൻ പുറത്തിറക്കിയേക്കുമെന്നും സൂചനകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ കേസിലെ പ്രതികൾക്ക് പുതിയ കുരുക്ക്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സ്വപ്ന സുരേഷ്, പിഎസ് സരിത്ത് എന്നിവരെ പ്രതികളാക്കിക്കൊണ്ട് കസ്റ്റംസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികൾ 1. 90 യുഎസ് ഡോളർ വിദേശത്തേക്ക് കടത്തിയ സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെതിരെ ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ മൊഴിയാണ് നിർണ്ണായകം. ഡോളർ നൽകിയത് ശിവശങ്കറിൽ നിന്നുള്ള കടുത്ത സമ്മർദ്ദം മൂലമാണെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ കസ്റ്റംസിന് നൽകിയിട്ടുള്ള മൊഴി. ഈ പണം പിന്നീട് കവടിയാറിലുള്ള കഫേ കോഫി ഡേയ്ക്ക് മുമ്പിൽ വെച്ച് കോൺസുലേറ്റിന്റെ ധനകാര്യ വിഭാഗത്തിന്റെ ചുമതലല വഹിച്ചിരുന്ന ഖാലിദിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇയാളാണ് പിന്നീട് 1.90 ലക്ഷം യുഎസ് ഡോളർ വിദേശത്തേക്ക് കടത്തിയത്. പണമിടപാട് സംബന്ധിച്ച വിവരം പിന്നീട് കൈരളി ചാനലും വെളിപ്പെടുത്തിയിരുന്നു.

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സൂചനകളുണ്ട്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ ഉൾപ്പെടെയുള്ള വിദേശനാണ്യം കടത്തിയ കേസിൽ നേരത്തെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്വപ്ന സുരേഷിനൊപ്പം വിദേശത്തേക്ക് പോയവരുടെ വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു കേസിൽ കേന്ദ്ര ഏജൻസി വിളിപ്പിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ദിവസങ്ങൾക്ക് മുമ്പ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി കൂട്ടിക്കൊണ്ടുവരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വെള്ളിയാഴ്ച രാത്രിയാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദ്യം ചൊവ്വാഴ്ചയും പിന്നീട് വെള്ളിയാഴ്ചയുമാണ് ശിവശങ്കറിനോട് ചോദ്യം ചെയ്യലിനായി ഹാജാരാവാൻ ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയ ശിവശങ്കർ എന്താണ് അസുഖമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായിരുന്നില്ല.

1.90 ലക്ഷം യുഎസ് ഡോളർ വിദേശത്തേക്ക് കടത്തുന്നതിനായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവങ്കർ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നും സൂചനയുണ്ട്. എന്നാൽ രണ്ടുതവണയും ശിവശങ്കർ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞുമാറുന്ന നിലപാടാണ് ശിവശങ്കർ സ്വീകരിച്ചത്. കേസിൽ നിയമോപദേശം തേടിയ ശേഷം അറസ്റ്റിലേക്ക് നീങ്ങാനായിരുന്നു കസ്റ്റംസ് പദ്ധതിയിട്ടതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജാരാകാൻ കേന്ദ്ര ഏജൻസി ശിവശങ്കറിനോട് നിർദേശിക്കുന്നത്. കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ അന്വേഷണ ഉദ്യോഗസ്ഥന് വിളിച്ചുവരുത്താൻ കഴിയുന്നതാണ് ശിവശങ്കറിന് നൽകിയ നോട്ടീസ്. അഭിഭാഷകനുമായി നോട്ടീസിലെ വിവരങ്ങൾ ചർച്ച ചെയ്ത ശേഷം ഉദ്യോഗസ്ഥരുടെ നിർബന്ധ പ്രകാരമാണ് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് ശിവശങ്കർ പോകുന്നത്. ഇതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Top