മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃതയ്ക്ക് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം  

 

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയ്ക്ക് നേരെ സൈബര്‍ ആക്രമണം.ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്ക് നേരെ കടന്നാക്രമണമുണ്ടായത്. ക്രിസ്മസിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിനാണ് ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ദരിദ്രരായ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന ബി സാന്റ ക്യാമ്പയിനിന്റെ അംബാസഡറാണ് അമൃത. പാവപ്പെട്ടവരുടെ ക്രിസ്മസിന് പൊലിമ കൂട്ടാനായി അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ് ഈ പദ്ധതി. താന്‍ ഇതിന്റെ അംബാസഡറാണെന്ന കാര്യം അമൃത ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഒരു കൂട്ടമാളുകള്‍ രൂക്ഷമായ കടന്നാക്രമണവുമായി രംഗത്തെത്തിയത്. എന്തുകൊണ്ട് ദീപാവലിക്ക് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും ചോദ്യം. ദുര്‍ഗാ പൂജയ്ക്ക് ഇത്തരം പരിപാടികളുമായി അമൃതയെ കാണുന്നില്ലല്ലോയെന്നും ചിലര്‍ ആരായുന്നു. ചെന്നൈയിലും മുംബൈയിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അമൃത എവിടെയായിരുന്നുവെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം കടുത്ത വിമര്‍ശനങ്ങളേറിയപ്പോള്‍ അവര്‍ വിശദീകരണവുമായി രംഗത്തെത്തി. ഹിന്ദു വിശ്വാസി എന്നതില്‍ അഭിമാനിക്കുന്നയാളാണ് താനെന്ന് അവര്‍ കുറിച്ചു. സ്‌നേഹത്തിനും സഹാനുഭൂതിക്കും മതമില്ലെന്നും അവര്‍ വ്യക്തമാക്കി.

Top