തിരുവനന്തപുരം: വിഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ അനുയായികളാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസില്‍ ഉള്‍പോര് കടുക്കുന്നതിന്റെ ലക്ഷണമായി വിലയിരുത്തുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് എതിരേ മൊഴി. വി.ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയത്. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്..രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗുഢാലോചനയുടെ ഭാഗംമാണ്.
ഗുഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ആദ്യം യുവതി മൊഴി നൽകിയത്.
തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്.
രാഹുലിന് എതിരേ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് ഈ നടിയാണ്.ഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകൾ കൈമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കണോ എന്ന ചര്‍ച്ചകളിലേക്കും പാര്‍ട്ടി കടന്നിട്ടുണ്ട്. എന്നാല്‍. ഒരുകാരണവശാലും പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉറച്ചുനില്‍ക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെയും തര്‍ക്കാലം വകവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കണോയെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം എംഎല്‍എയെന്ന നിലയില്‍ രാഹുലിനുണ്ടെന്ന വാദം ഒരുവിഭാഗം ഉന്നയിക്കുന്നു. രാഹുല്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം യോഗം ചേരും.
പങ്കെടുക്കേണ്ടെന്നാണു തീരുമാനമെങ്കില്‍ അക്കാര്യം രാഹുലിനെ ഞായറാഴ്ച അറിയിക്കും. രാഹുല്‍ സഭയിലെത്തിയാല്‍ സമ്മേളനത്തിന്റെ ശ്രദ്ധ അദ്ദേഹത്തിലേക്കു തിരിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ഭരണപക്ഷം മുന്നിട്ടിറങ്ങുമെന്ന ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പോലീസ് മര്‍ദനമടക്കം സര്‍ക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളുള്ളപ്പോള്‍ ചര്‍ച്ചകള്‍ രാഹുലില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണു വിലയിരുത്തല്‍. ഇത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.










