പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചതിന് നൽകിയ പീഡന പരാതിയിൽ പേരുള്ള ആൾ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേശ് പിഷാരടിയുടെ പ്രചരണത്തിൽ സജീവം. കൗൺസിലർ പ്രശോഭ്. സി. വത്സന്റെ അച്ഛൻ വത്സനാണ് പിഷാരടിയുടെ പ്രചരണത്തിൽ സജീവമായി പങ്കെടുക്കുന്നത്. ആദ്യം വത്സൻ മോശമായി പെരുമാറി എന്നാണ് പെൺകുട്ടിയുടെ പരാതിയിൽ ഉള്ളത്. പെൺകുട്ടി പോലീസിന് മൊഴി നൽകിയതിന് പിന്നാലെ കൗൺസിലർ പ്രശോഭ് ഒളിവിൽ ആണ്.
പ്രശോഭിന്റെ പിതാവ് വത്സൻ ആണ് ആദ്യം മോശമായി പെരുമാറിയതെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോഴാണ് പ്രശോഭിനെ പരിചയപ്പെട്ടത് എന്നുമാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. ദളിത് യുവതിയുടെ പരാതിയിൽ പാലക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബലാത്സംഗം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതി പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രശോഭ് കേരളം വിട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് കൗണ്‍സിലറായ പ്രശോഭ്, ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ താമസസ്ഥലത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സി.പി.എം. പ്രശോഭിന് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് ഇടത് മുന്നണിയുടെ പ്രചാരണം. എന്നാല്‍, വിഷയം ഗൗരവകരമായി എടുത്ത ഡി.സി.സി നേതൃത്വം പ്രശോഭിനെ അടിയന്തരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ധാര്‍മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.










