കൊച്ചി :മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും. എംഎല്‍എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പരാതിക്കാരി ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നും ആണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു.
നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.










