ശ്രീലങ്കയിൽ മാറി എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന്  ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം ആയിരുന്നു. സംസ്കാരച്ചടങ്ങിന് മുമ്പ് പെട്ടി തുറന്നപ്പോഴാണ് ഉള്ളിൽ സ്ത്രീയുടെ മ‍ൃതദേഹം കണ്ടത്.

തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്‍റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയിൽ എത്തിച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest