ഭര്‍ത്താവ് മരിച്ചതോടെ താമസം ഒറ്റയ്ക്കായി; വിദേശത്തുള്ള മക്കള്‍ സംസാരിച്ചത് ഒരു മാസം മുമ്പ്; പെരുമ്പാവൂര്‍ സ്വദേശിനിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഹൈദരാബാദിലെ വീട്ടില്‍ നിന്നും കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി നന്ദിനി നായരുടെ(71) മൃതദേഹമാണ് കണ്ടെത്തിയത്. നോര്‍ത്ത് കമലാനഗറിലെ അവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസം പഴക്കമുണ്ട്. ഇവരുടെ മക്കളായ ശ്രീദേവിയും ശ്രീലതയും കുടുംബസമേതം അമേരിക്കയിലാണ്. അയല്‍ക്കാരുമായിപ്പോലും സമ്പര്‍ക്കംപുലര്‍ത്താത്ത നന്ദിനി നായര്‍ ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് കുഷായിഗുഡ കമലാനഗറിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഹൈദരാബാദ് ഇ.സിഐ.എല്ലിലായിരുന്നു നന്ദിനി നായര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ ഭര്‍ത്താവിനും ഇതേസ്ഥാപനത്തിലായിരുന്നു ജോലി.

ഇവര്‍ എല്ലാ ജോലികളും സ്വയം ചെയ്ത് വരികയായിരുന്നുവെന്നും ഒരു സഹായത്തിനും ആരയും ആശ്രയിച്ചിരുന്നില്ലെന്നും കുഷായിഗുഡ പൊലീസ് പറഞ്ഞു. അവസാനമായി അയല്‍ക്കാര്‍ ഇവരെ കണ്ടത് കഴിഞ്ഞമാസമാണ്. മക്കളുമായി ഇവര്‍ അവസാനം സംസാരിച്ചതും ഒരു മാസം മുന്‍പ് തന്നെ. രണ്ടു ദിവസംമുമ്പാണ് മകള്‍ ശ്രീദേവി ഹൈടെക് സിറ്റിയില്‍ താമസിക്കുന്ന അവരുടെ അമ്മാവന്‍ സുനില്‍ കുമാറിനെ വിളിച്ച് അമ്മയെ ഫോണില്‍ കിട്ടുന്നില്ലെന്ന വിവരം അറിയിക്കുന്നത്. സുനില്‍ കുമാര്‍ കുഷായിഗുഡയിലെത്തി വീട് തുറന്നുനോക്കുമ്പോഴാണ് മൃതദേഹം കാണുന്നത്. ഗാന്ധി ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം ഹൈദരാബാദില്‍ തന്നെ സംസ്‌കരിച്ചു.

Latest
Widgets Magazine