കൊച്ചി: ദേശാഭിമാനി ജീവനക്കാരന്‍ പി.കെ. മോഹന്‍ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് പറവൂര്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. വല്ലാര്‍പാടം കണ്ടൈനര്‍ റോഡില്‍ വച്ച് 2012 ഡിസംബര്‍ രണ്ടിന് ദേശാഭിമാനി ജീവനക്കാരന്‍ മോഹന്‍ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമ, കാമുകന്‍ ഗിരീഷ് എന്നിവര്‍ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികളുടെ ശിക്ഷാവിധി നാളെയാണ്.
കൊല നടത്തിയത് ആറുവര്‍ഷം മുമ്പാണ്. സീമയ്ക്കെതിരെ ചുമത്തിയ പ്രേരണക്കുറ്റവും നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം പെന്‍റാ മേനകയിലെ അടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു സീമയും ഗിരീഷും. പ്രണയത്തിലായ ഇരുവരും ചേര്‍ന്നാണ് മോഹന്‍ദാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കൊല നടന്ന രാത്രി വീട്ടില്‍ നിന്നിറങ്ങിയ മോഹന്‍ദാസിനോട് പാതാളം ജംക്ഷനില്‍ കാത്തു നില്‍ക്കുന്ന ഗീരീഷിനെ അമൃത ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് ഭാര്യ നിര്‍ദ്ദേശിച്ചു. യാത്രയ്ക്കിടെ ആളൊഴിഞ്ഞ കണ്ടൈനര്‍ റോഡില്‍ വച്ച് മോഹന്‍ദാസിനെ ക്ലോറോഫോ മണപ്പിച്ച് ബോധരഹിതനാക്കാന്‍ നോക്കി.
കുതറി ഓടിയ മോഹന്‍ദാസിന്‍റെ കഴുത്ത് അറുത്തു. മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് ബൈക്കെടുത്തു പോയി. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയത്. വിശദപരിശോധനയില്‍ കഴുത്തിലേറ്റ മുറിവ് മരണകാരണമായെന്ന് വ്യക്തമായതോടെയാണ് അന്വേഷണം സീമയിലേക്കെത്തുന്നതും ഗീരീഷും സീമയും വലയിലാവുന്നതും.
കൊല്ലപ്പെട്ട മോഹന്‍ദാസിനു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇതു തീര്‍ക്കുവാനായി ചെറിയ തുക കൈമാറിക്കൊണ്ടായിരുന്നു സീമയും ഗിരീഷും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വലിയ തുകയുടെ സാമ്പത്തിക തിരിമറി നടത്തിയണ് ഗിരീഷ് സീമയെ സഹായിച്ചിരുന്നത്. ബന്ധം പുറത്തറിയാതിരിക്കുവാന്‍ ഇരുവരും പരമാവധി ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന ഡിസംബര്‍ 2 നു രാത്രി ദേശാഭിമാനിയില്‍ പോകാനിറങ്ങിയ മോഹന്‍ ദാസിനോട് അമൃത ഹോസ്പിറ്റലില്‍ ഉള്ള ഒരു ബന്ധുവിനെ കാണുവാനായി ഗിരീഷ് പാതാളം ജംഗ്ഷനില്‍ നില്‍ക്കുന്നുണ്ടെന്നും അയാളെ അടുത്തൊരിടത്ത് എത്തിക്കണമെന്നും സീമ അറിയിച്ചു. മോഹന്‍ ദാസ് ഗിരീഷ് നിന്നിടത്തെത്തി അയാളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു. കണ്ടൈനര്‍ റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഷര്‍ട്ടില്‍ എന്തോ അഴുക്കു പറ്റിയതായി പറഞ്ഞ് ഗിരീഷ് ബൈക്ക് നിര്‍ത്തിച്ചു. തുടര്‍ന്ന് നേരത്തെ കരുതിയിരുന്ന ക്ലോറോഫോം ബലംപ്രയോഗിച്ച് മണപ്പിച്ച് ബോധം കെടുത്തുവാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ദാസ് കുതറിയോടി. അതോടെ ഗിരീഷ് വിദേശ നിര്‍മ്മിത കത്തി ഉപയോഗിച്ച് മോഹന്‍ദാസിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം നേരത്തെ കളമശ്ശേരിയില്‍ വച്ചിരുന്ന ബൈക്കില്‍ ഗിരീഷ് രക്ഷപ്പെട്ടു.
ബൈക്ക് അപകടത്തിലാണ് മോഹന്‍ദാസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കഴുത്തില്‍ ആഴത്തിലേറ്റ മുറിലൂടെ രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് മോഹന്‍ദാസിന്റെയും അയാളുമായി അടുപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ ആരംഭിച്ചു. കൊലക്ക് മുമ്പും പിന്‍പും ഉള്ള ദിവസങ്ങളില്‍ സീമയും ഗിരീഷും തമ്മില്‍ ദീര്‍ഘമായി സംസാരിച്ചതായി കണ്ടെത്തി. ഇതിനിടയില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ കേസായതോടെ ഗിരീഷ് കുറ്റ സമ്മതം നടത്തുവാനായി തൃക്കാക്കര അസി.കമ്മീഷ്ണര്‍ ബിജോ അലക്സാണ്ടറെ സമീപിച്ചു. കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം തന്ത്രപൂര്‍വ്വം തന്നില്‍ നിന്നും തിരിച്ചു വിടുവാനുള്ള ഉപായമായാണ് ഗിരീഷ് ഇപ്രകാരം ചെയ്തത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മോഹന്‍ദാസിന്റെ കൊലപാതകവും സീമയുമായി തനിക്കുള്ള ബന്ധവും ഇയാള്‍ തുറന്നു പറഞ്ഞു. കൊലനടത്തുവാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. തുടര്‍ന്നാണ് സീമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി കമീഷ്ണര്‍ ടി.ഗോപാലകൃഷ്ണന്‍ പിള്ള എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സി.ഐ മാരായ എ.ജി.സാബു,ഡി.എസ്.സുനീഹ്സ് ബാബു, എസ്.ഐമാരായ എസ്.വിജയ ശങ്കര്‍, സെബാസ്റ്റ്യന്‍ തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


