ലൈംഗികാക്രമണത്തിന് ഇരയായ നടിയുടെ ഫോട്ടോ സഹിതം തമിഴ് പത്രത്തിൽ വാർത്ത. പ്രമുഖ തമിഴ് ദിനപ്പത്രമായ ദിനതന്തിയാണ് ആക്രമണത്തിനിരയായ നടിയുടെ ഫോട്ടോ ഉൾപ്പെടുത്തി വാർത്ത നൽകിയിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജൂലായ് 11 ചൊവ്വാഴ്ചത്തെ പത്രത്തിലാണ് ആക്രമണത്തിനിരയായ നടിയുടെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈംഗികാക്രമണത്തിന് ഇരയായ സ്ത്രീയുടെ പേരോ,ചിത്രമോ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ദിനതന്തി നടിയുടെ ഫോട്ടോ പത്രത്തിന്‍റെ ആദ്യപേജിൽ നൽകിയ വാർത്തയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്തുവന്ന സമയത്ത് എല്ലാ ദൃശ്യ,ഓൺലൈൻ മാധ്യമങ്ങളും നടിയുടെ പേര് നൽകിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയെന്ന് മാത്രമായിരുന്നു ആദ്യ നിമിഷങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ നടിക്ക് നേരെ ലൈംഗികാക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എല്ലാ മാധ്യമങ്ങളും നടിയുടെ പേര് പിൻവലിക്കുകയും ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീയുടെ പേരോ ചിത്രമോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. ഇതെല്ലാം മറന്നാണ് ദിനതന്തി ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ് വിമർശനം.
ആക്രമണത്തിനിരയായ നടി തെന്നിന്ത്യൻ സിനിമകളിലെല്ലാം സജീവമായിരുന്നു. തമിഴിലും ധാരാളം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇതിനാൽ തമിഴ് മാധ്യമങ്ങളും ഈ സംഭവത്തിന് വൻ പ്രധാന്യം നൽകിയിരുന്നു.
നടൻ ദിലീപ് അറസ്റ്റിലായത് ദേശീയ മാധ്യമങ്ങളടക്കം വളരെ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. തമിഴ്നാട്ടിലും ദിലീപിന്‍റെ അറസ്റ്റ് വലിയ വാർത്തയായിരുന്നു. ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് നൽകിയ വാർത്തയിലാണ് ദിനതന്തി നടിയുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരിക്കുന്നത്. നടിയുടെ ഫോട്ടോ സഹിതം വാർത്ത നൽകിയ തമിഴ് പത്രം എന്ന പേരിലാണ് ദിനതന്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.


