കാലാകാലം ദിലീപ് ജയിലിൽ കിടക്കേണ്ടി വരും..ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ; വെളിപ്പെടുത്തലുമായി ലിബർട്ടി ബഷീർ

കൊച്ചി : കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം ദിലീപിന് ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ലിബർട്ടി ബഷീർ. ഈ വിധിയോടെ ദിലീപ് കുറ്റക്കാരനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ‘ഞാനും കോടിയേരി ബാലകൃഷ്ണനും ഗൂഢാലോച നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന് പിസി ജോർജ് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി വിധിയോടെ അതൊക്കെ കള്ളമാണെന്ന് ബോധ്യമായിരിക്കുകയാണ്. ’

‘നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാൻ പോകുന്നത്. കാലാകാലം ദിലീപ് ജയിലിൽ കിടക്കേണ്ടി വരും. കേസ് ഡയറിൽ നടനെതിരെയുളള കുറ്റം കൃത്യമായി എഴുതിയിട്ട്് കാണും. ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കിൽ ശ്രീകുമാർ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും.–ലിബർട്ടി ബഷീർ പറഞ്ഞു.
അതേസമയം ഗൂഢാലോചനകേസിൽ തെളിവില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കൃത്യമായ തെളിവുകളുണ്ട്. പ്രതി പ്രമുഖ നടനാണ്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കാം. അപൂർവമായ കേസുകളിൽ ഒന്നാണിത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി വിലയിരുത്തിയതിനു ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.King Pin_Dileep-7-2017 (1)
പ്രോസിക്യൂഷൻ വാദം:സംഭവത്തിന്റെ സൂത്രധാരൻ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസിൽ പ്രധാന തെളിവായ ദൃശ്യം പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ട്. അന്വേഷണം തീർന്നിട്ടില്ലെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിത്. എല്ലാ മൊഴികളും വിരൽ ചൂണ്ടുന്നതു ദിലീപിന്റെ പങ്കിലേക്കാണ്. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ദിലീപിന്റെ അഭിഭാഷകന്റെ വാദം:
ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേർ തമ്മിൽ കണ്ടാൽ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ഒട്ടേറെ കേസുകളിൽ പ്രതിയും ക്രിമിനലുമായ സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ല. ഉന്നതതലത്തിൽ ആഴമേറിയ ഗൂഢാലോചന നടത്തിയാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. സിനിമാ ജീവിതം തകർക്കാനും സമൂഹമധ്യേ അപഹാസ്യനാക്കാനും ലക്ഷ്യമിട്ടാണു കേസ്. ഒട്ടേറെ സിനിമ പ്രോജക്ടുകളിൽ ഒപ്പുവച്ചിട്ടുള്ള ദിലീപിനെ ഇനിയും തടവിൽ വയ്ക്കുന്നതു സിനിമാ ജീവിതത്തെ ബാധിക്കും. അന്തിമ കുറ്റപത്രം നൽകി ഏറെക്കാലം കഴിഞ്ഞാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. ആദ്യം 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് ദിവസവും 10 മണിക്കൂർ ചോദ്യം ചെയ്തുവെന്നും വാദിച്ചു.
കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top