സ്വന്തം ലേഖകൻ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീഴ്ചകളില്ലാതെ വമ്പൻ സ്രാവിനെ കുടുക്കിയതിന്റെ മിടുക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പാർട്ടിക്കുമെന്ന് റിപ്പോർട്ട്. അടിക്കടിയുണ്ടായ വീഴ്ചകളെ തുടർന്നു സിപിഎമ്മിന്റെ പൂർണനിയന്ത്രണത്തിലേയ്ക്കു പൊലീസിനെ കൊണ്ടുവരുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പോളിറ്റ് ബ്യൂറോ നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പൊലീസ് സേനയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തത്.
നെഹ്‌റു കോളജിൽ ജിഷ്ണു പ്രണോയ് ആക്രമിക്കപ്പെട്ട സംഭവത്തിലും തുടർന്നുണ്ടായ നിരവധി സംഭവങ്ങളിലും പൊലീസിനു വീഴ്ചപറ്റിയെന്നു മുഖ്യമന്ത്രി തന്നെ നേരിട്ടു സമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ തന്നെ നേരിട്ടു രംഗത്തിറങ്ങിയത്. പാർട്ടിക്കു നിർണ്ണായക സ്വാധീനമുള്ള സംസ്ഥാനത്ത് ഇനി ഭരണം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകരുതെന്നാണ് പോളി്റ്റ് ബ്യൂറോയുടെ താല്പര്യം. അതുകൊണ്ടു തന്നെയാണ് പൊലീസിലെ വീഴ്ച പരിഹരിക്കാൻ എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചതും, സിപിഎം സംസ്ഥാന സെക്രട്ടറിയോടു കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ നിർദേശം നൽകിയതും.
ഡിജിപി സ്ഥാനത്തു നിന്നു ബെഹ്‌റയെ നീക്കിയ ശേഷം സെൻകുമാർ വരുമ്പോൾ പൊലീസിലെ പിടി നഷ്ടമാകുമെന്നു പിണറായിയും ഭയന്നിരുന്നു. അതുകൊണ്ടു തന്നെയാണ് മുൻ ആഭ്യന്തര മന്ത്രിയായി വൻ വിജയമായിരുന്ന കൊടിയേരി ബാലകൃഷ്ണനെ തന്നെ ഭരണനിയന്ത്രണം ഏൽപ്പിക്കാൻ സിപിഎമ്മും പിണറായിയും സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസിന്റെ നിയന്ത്രണം പൂർണമായും കൊടിയേരിയിലേയ്ക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീഴചകളൊന്നും ഉണ്ടാകാതിരിക്കുന്നതിനു പാർട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന്റെഭാഗമായി അന്വേഷണത്തിലെ ഓരോ വിവരങ്ങളും സംസ്ഥാന സെക്രട്ടറി തന്നെ ക്രോസ് ചെക്ക് ചെയ്യുകയും, രഹസ്യമായി സൂക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു.


