ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

തിരുവല്ല :ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായിപോരാട്ടം നടത്തിയ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. കബറടക്കം പിന്നീട്.

ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർച്ചിനു നേതൃത്വം നൽകി. തെക്കൻ തിരുവിതാംകൂർ വികസന–മിഷനറി പ്രവർത്തനം, ഹോസ്ക്കോട്ട–അങ്കോല മിഷനറി പ്രവർത്തനം, ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ–പ്രളയ ദുരിതാശ്വാസ പ്രവർത്തനം, സൂനാമി ദുരിതാശ്വാസ പ്രവർത്തനം, നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ നേതൃത്വം, യുഎൻ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ് തുടങ്ങിയവയിലൂടെ ലോക ശ്രദ്ധനേടി. മാരാമൺ കൺവൻഷൻ ശതോത്തര രജത ജൂബിലി ചരിത്രസംഭവമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

Top