അന്വേഷിച്ച അഞ്ചാം കേസും തെളിയിച്ച് പോലീസിന്റെ അഭിമാനമായി ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍; ഊര്‍ജ്ജസ്വലനായ ഉദ്യോഗസ്ഥന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി

അന്വേഷണം ഏറ്റെടുത്ത അഞ്ച് കൊലപാതകക്കേസുകളും തെളിയിക്കുകയും അതിലെ നാല് കേസിലെയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുകയും ചെയ്ത് പോലീസ് സേനയുടെ തന്നെ അഭിമാനമായി മാറുകയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍. ഔദ്യോഗിക ജീവിതത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് മാതൃകയാകുകയാണ് ഊര്‍ജ്ജസ്വലനായ ഈ ഡിവൈഎസ്പി.

ചെറുവത്തൂര്‍ മടക്കര മൂലക്കല്‍ രാജേഷ് വധക്കേസില്‍ ഒന്നാം പ്രതിയെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷിച്ച അഞ്ചു കേസുകളും തെളിയിക്കപ്പെട്ടതിന്റെ പൊന്‍തൂവല്‍ കെ വി വേണുഗോപാലിനെ തേടിയെത്തിയിരിക്കുന്നത്. പ്രതിക്കുള്ള ശിക്ഷ 23ന് പ്രഖ്യാപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃത്യമായ സാക്ഷികളൊന്നും ഉണ്ടാകാതിരുന്ന മൂലക്കല്‍ രാജേഷ് വധക്കേസില്‍ ലോക്കല്‍ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കേസ് തേച്ചുമാച്ച്കളയാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വരികയും കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന കെ വി വേണുഗോപാല്‍ ആയിരുന്നു കേസ് അന്വേഷണം ഏറ്റെടുത്തത്. ശാസ്ത്രീയമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും ശേഷം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ദൃക്സാക്ഷികളൊന്നും ഇല്ലാതിരുന്ന കേസില്‍ കോടതിയുടെ അനുമതിയോടെ മൂന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

നേരത്തെ പ്രമാദമായ മറ്റു നാല് കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കെ വി വേണുഗോപാലിന് കഴിഞ്ഞു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ചന്തു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിച്ച കേസിന്റെ പ്രധാന അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന കെ വി വേണുഗോപാല്‍. ദൃക്‌സാക്ഷിയായി ഒരു കുട്ടി മാത്രം ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം ശാസ്ത്രീയമായ രീതിയിലാണ് അദ്ദേഹം നടത്തിയത്. ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന വി പി സുരേന്ദ്രന്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ് പിന്നീട് വേണുഗോപാല്‍ ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പിക്കുകയുമായിരുന്നു. ഈ കേസില്‍ മുന്‍ ഗള്‍ഫുകാരനായ അമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമനെ(51)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്.

2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. അന്ന് ആദൂര്‍ സി ഐ ആയിരുന്നു വേണുഗോപാല്‍.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിരയെ(37) വാക്കത്തി കൊണ്ട് മൃഗീയമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവും കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഈ കേസില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്ന് ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന വേണുഗോപാലിന് സാധിച്ചു. അതിവേഗം കുറ്റപത്രം സമര്‍പിക്കുകയും പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുക്കുകയുമായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്. ഇന്ദിരയയുടെ ഇളയ മകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലാണ് പ്രതി പക്രു കൃഷ്ണനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ (35) വീടിനു മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്ന കേസിലെ പ്രതിയായ രാജുവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവന്‍ കാരിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) ജീവപര്യന്തം തടവിനും 25000 രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ശിക്ഷിച്ചിരുന്നു. 2003 ജനുവരി ഒമ്പതിന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഈ കേസ് അന്വേഷിച്ചതും ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന വേണുഗോപാല്‍ ആയിരുന്നു. രാമകൃഷ്ണന്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയ സംഭവവും രാജുവിന്റെ പറമ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതു വിലക്കിയതുമാണ് കൊലയിലേക്ക് നയിച്ചത്.

പയ്യന്നൂരിലെ അഭിഭാഷക കെ വി ഷൈലജയും ഭര്‍ത്താവ് പി കൃഷ്ണകുമാറും പ്രതിയായ തളിപ്പറമ്പിലെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ ദുരൂഹമരണവും അന്വേഷിച്ച് കോടതിയിലെത്തിച്ചത് കെ വി വേണുഗോപാലിന്റെ അന്വേഷണ മിടുക്കാണ്. ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹംചെയ്തുവെന്ന് വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തുതട്ടിയെടുത്തുവെന്ന പ്രമാദമായ കേസാണ് സമര്‍ത്ഥമായ അന്വേഷണത്തിലൂടെ തെളിയിച്ചത്. ഈ കേസിന്റെ കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. പഴയങ്ങാടിയിലെ അല്‍ ഫാത്തിബി ജ്വല്ലറി പട്ടാപ്പകല്‍ കൊള്ളയടിച്ച കേസും തെളിയിച്ചത് കെ വി വേണുഗോപാലാണ്.

ജോലിയിലുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയും മൂലമാണ് കെ വി വേണുഗോപാലിന് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ കാസര്‍കോട് വാര്‍ത്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും തെളിവും ദൃക്സാക്ഷികളുമില്ലാത്ത ആറു കേസുകളില്‍ പ്രതികളെ പിടികൂടിയ അന്വേഷണ മികവ് പരിഗണിച്ച് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിക്കും അദ്ദേഹം അര്‍ഹനായിരുന്നു.

Top