ലോസ് ആഞ്ചലിസ്: മയക്കുമരുന്ന് നല്‍കി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് പ്രശസ്ത ടെലിവിഷന്‍ താരവും കാമുകിയും അറസ്റ്റില്‍. മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു ഇവര്‍. കേസില്‍ അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റൊബിഷ്യക്സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ചേര്‍ന്ന് വലയിലാക്കുകയും ലൈംഗികാക്രമണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു സ്ത്രീകളെ ലഹരിപദാര്‍ഥങ്ങള്‍ നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തില്‍ സമാനമായ രീതിയില്‍ ഇവര്‍ നിരവധി പേരെ ആക്രമണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് സൂചന ലഭിച്ചു. നൂറുകണക്കിന് പേരാണ് തങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവരുന്നതെന്നും അനേകം പേര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഓറഞ്ച് കൗണ്ടി പോലീസ് വക്താവ് മൈക്കേല്‍ വാന്‍ഡെര്‍ ലിന്‍ഡന്‍ വെളിപ്പെടുത്തി.
അന്വേഷണത്തിനിടെ റൊബിഷ്യക്സിന്റെ ഫോണില്‍നിന്ന് അനവധി വീഡിയോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. പലരും ക്രൂരമായ ആക്രമണത്തിനിരയായിരുന്നു. ചിലര്‍ നഗ്‌നരും ബോധരഹിതരുമായിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് നൂറുകണക്കിനു പേര്‍ ആക്രമണത്തിന് ഇരയായെന്ന സൂചന ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.
വളരെ ആസൂത്രിതമായാണ് റൊബിഷ്യക്സും കാമുകി റിലേയും ചേര്‍ന്ന് തങ്ങളുടെ ഇരകളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇരകളെ കണ്ടെത്തുന്നതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു. കൂടാതെ, വന്‍കിട ഫെസ്റ്റിവലുകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍നിന്ന് തങ്ങള്‍ക്ക് അനുയോജ്യരായ ഇരകളെ കണ്ടെത്തുകയും സൗന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട് അവരെ കെണിയില്‍ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്.
കൊക്കെയിന്‍ അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ നല്‍കി സ്ത്രീകളെ മയക്കിയ ശേഷം റൊബിഷ്യക്സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ചാണ് ഇവര്‍ ആക്രമണത്തിന് വിധേയമാക്കിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.