തിരുവനന്തപുരം:പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അധികാരം സ്വന്തമാക്കാം എന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുന്ന ചെന്നിത്തലയുടേയും ‘ഐ ‘ഗ്രൂപ്പിന്റേയും ചങ്കിടിപ്പു കൂട്ടിയ പ്രസ്ഥാവനയുമായി സുധീരന്‍ രംഗത്തു വന്നതോടെ 2016 ല്‍ ആരു നയിക്കും എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം .യു.ഡി.എഫില്‍ മാത്രമല്ല ഈ നായക ചര്‍ച്ച പൊങ്ങി വന്നിരിക്കുന്നത്.
സി.പി.എമ്മിന്റെ തന്നെ പ്രസ്ക്തി നഷ്ടമാകുന്നു എന്ന ചിന്തയില്‍ ആകുലപ്പെടുന്ന ഇടതുമുന്നണിയും നയിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍തന്നെ നയിക്കണമെന്നു സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം സി. ദിവാകരന്‍ ആവശ്യപ്പെട്ടിരുന്നു. വി.എസിന്റെ ജനകീയത പരമാവധി പ്രയോജനപ്പെടുത്തണമെന്നു സി.പി.എം. ദേശീയ നേതൃത്വം വ്യക്‌തമാക്കിയിട്ടുണ്ട്. വി.എസ്. മത്സരിക്കാതെ മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നും മികച്ച ജനപിന്തുണയാണ് വി.എസിനുള്ളതെന്നും സി. ദിവാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് വി.എസ്. ആണ്. ഇതു സ്വഭാവികമായും നിയമസഭാ തെരഞ്ഞെടുപ്പിലും തുടരും. മുഖ്യപ്രചാരകന്‍ വി.എസ്. തന്നെയായിരിക്കും. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവിനെ തീരുമാനിക്കാനുള്ള അവകാശം അതതു പാര്‍ട്ടികള്‍ക്കാണ്. തെരഞ്ഞെടുപ്പിനുശേഷം സി.പി.എം. അവരുടെ നേതാവായി ആരെ തീരുമാനിച്ചാലും സി.പി.ഐ. അംഗീകരിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.
മുസ്ലിം ലീഗ് ഇടതുമുന്നണിയില്‍ വേണ്ടെന്നാണ് സി.പി.ഐയുടെ ഉറച്ചനിലപാട്. രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ വ്യാപകശ്രമം നടക്കുന്ന കാലഘട്ടത്തില്‍ ലീഗിനെ കൂടെക്കൂട്ടുന്നത് അംഗീകരിക്കാനാകില്ല. നാലുവോട്ടിനുവേണ്ടി മുസ്ലിം ലീഗിനെ കൂട്ടുപിടിക്കണമെന്ന സമീപനം സി.പിഐക്കില്ല.വിട്ടുപോയ ഘടകകക്ഷികള്‍ ആറുമാസത്തിനകം മുന്നണിയില്‍ തിരിച്ചെത്തുമെന്നും സി. ദിവാകരന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ നായകനെച്ചൊല്ലി വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും നായകന്‍ ആരെന്നത് ചര്‍ച്ചാവിഷയമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടികോട്ടയത്തു പറഞ്ഞു. നായകനെ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ യു.ഡി.എഫിന്റെ അജന്‍ഡയിലില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു വ്യക്‌തമാക്കി.യു.ഡി.എഫിന്റെ ശക്‌തി ഐക്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍യു.ഡി.എഫ്. സ്വന്തമാക്കിയ വിജയങ്ങള്‍ കൂട്ടായ്‌മയുടേതാണ്. സംസ്‌ഥാനത്തു ഭരണവിരുദ്ധ വികാരമില്ലെന്നുംമുഖ്യമന്ത്രിഅവകാശപ്പെട്ടു.
അതിനിടെ അടുത്ത തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി തന്നെ ‘നയിക്കും ‘എന്നു പറഞ്ഞ സുധീരന്‍ അതു ‘തന്ത്രപൂര്‍വ്വം വിഴുങ്ങി .നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നേതാവാകും എന്നതല്ല ഇപ്പോഴത്തെ ചര്‍ച്ചാവിഷയമെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് മുഖ്യവിഷയമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ നിലപാട് 2015 മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിതന്നെയാകും നേതാവ് എന്ന സുധീരന്റെ പ്രസ്‌താവനയോടുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിശദീകരണം. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കുള്ള സമയം ഇതല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കേണ്ട വിഷയങ്ങളാണ് അതെല്ലാമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.