
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്ക് മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന മരുതംകുഴിയിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നുണ്ട്. ഇതിന് പുറമെ ബിനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളലും സ്ഥാപനങ്ങളിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്.ഇന്നലെ തിരുവനന്തപുരത്തെത്തിയ സംഘം രാവിലെ 9.30ഓടെയാണ് മരുതുംകുഴിയിലെ വീട്ടിലെത്തിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിനു മുന്നിലെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം.
ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിന്റെ ഫർണിച്ചർ ഇലക്ട്രിക് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയേക്കും. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിൽ അബ്ദുൾ ലത്തീഫുമുണ്ട്.
ബിനീഷിന്റെ ബിനാമിയുടെ അരുവിക്കരയിലെ വീട്ടിലും ഇ ഡിസംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അൽ ജാസം അബ്ദുൾ ജമ്പാർ എന്ന വ്യക്തിയുടെ വീട്ടിലാണ് പരിശോധന. ഇയാൾ മാൻപവർ കൺസൾട്ടൻസി നടത്തി വരുകയായിരുന്നു. ആഡംമ്പര കാർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപമുള്ള ചിറക്കുളം റോഡിൽ ടോറസ് റമിഡീസ് എന്ന സ്ഥാപനത്തിലും പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ മുഹമ്മദ് അനസിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തുന്നുണ്ട്. കണ്ണൂർ ധർമ്മടത്തെ വീട്ടിലാണ് പരിശോധന നടത്തുന്നത്.