നൂറിൽ 98 മാര്‍ക്ക് സ്വന്തമാക്കി 96കാരി! ഞെട്ടിച്ച് കാര്‍ത്ത്യായനിയമ്മ, ഉത്തരക്കടലാസില്‍ എത്തിനോക്കിയ രാമചന്ദ്രനും ത്രസിപ്പിക്കുന്ന മാർക്ക്

ആലപ്പുഴ:നൂറിൽ 98 മാര്‍ക്ക് സ്വന്തമാക്കി 96കാരി! 96ാം വയസില്‍ 100ല്‍ 98 മാര്‍ക്ക് നേടി ഞെട്ടിച്ചിരിക്കയാണ് കാര്‍ത്ത്യായനിയമ്മ എന്ന 96കാരി!.. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കാര്‍ത്ത്യായനിയമ്മ റാങ്കും സ്വന്തമാക്കി. സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിലാണ് ഹരിപ്പാട് സ്വദേശിനിയായ കാര്‍ത്ത്യായനിയമ്മ ഒന്നാമതെത്തിയത്. ചേപ്പാട് കണിച്ചനെല്ലൂര്‍ എല്‍പിഎസില്‍ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോള്‍ ചെറിയ ഒരു പേടിയുണ്ടായിരുന്നു. കാരണം, ജീവിതത്തിലെ ആദ്യത്ത പരീക്ഷയായിരുന്നു. അതും തൊണ്ണൂറ്റിയാറാം വയസ്സില്‍.

96-ാമത്തെ വയസില്‍ പരീക്ഷ എഴുതാനെത്തിയ കാര്‍ത്ത്യായനിയമ്മയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആദ്യ പരീക്ഷ എഴുതാനെത്തിയ അവരുടെ മോണകാണിച്ചുള്ള ചിരി മലയാളി മനസുകളില്‍ പതിഞ്ഞ ഒന്നാണ്. അതുപോലെ കാര്‍ത്ത്യാനിയമ്മയുടെ ഉത്തരകടലാസില്‍ എത്തി നോക്കിയ രാമചന്ദ്രനെയും ഓര്‍ത്തെടുക്കാന്‍ പ്രയാസമില്ല. അത്രമേല്‍ വൈറലായിരുന്നു ഇരുവരുടെയും പരീക്ഷ എഴുത്ത്. ഇപ്പോള്‍ ആ പരീക്ഷയുടെ ഫലമാണ് ഏവരെയും ഞെട്ടിക്കുന്നത്.

തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയത് 79 കാരനായ രാമചന്ദ്രന്‍ കാര്‍ത്ത്യായനിയമ്മയുടെ ഉത്തരക്കടലാസില്‍ നോക്കുന്നതിന്റെ ചിത്രം അടുത്തദിവസത്തെ പത്രങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. രാമചന്ദ്രനും നല്ല മാര്‍ക്കോടെ പരീക്ഷ പാസായി. ഒന്നാം റാങ്കുകാരിയായ കാര്‍ത്ത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാനത്ത് 42,933 പേരാണ് അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചത്. 99 ശതമാനമാണ് വിജയം.

Top