വ്യാജ പാക്കറ്റ് വെളിച്ചെണ്ണ സുലഭം !..അന്യോഷിക്കാൻ അധികാരികൾ ഇല്ല !..വിഷം കഴിക്കുന്ന മലയാളികൾ

കണ്ണൂര്‍: വടക്കേ മലബാര്‍ ജില്ലകളിലെ മലയോര മേഖലയില്‍ വ്യാജ പാക്കറ്റ് വെളിച്ചെണ്ണ സുലഭം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവമാണ് വ്യാജ വെളിച്ചെണ്ണ വിപണി കൊഴുത്തു വളരാന്‍ കാരണമാവുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഇവിടങ്ങളില്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തനത്തിലുള്ളൂ. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഭക്ഷ്യസുരക്ഷാ ഓഫീസറും ഓഫീസ് സ്റ്റാഫുകളുമാണ് വേണ്ടത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ എട്ടിടങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരില്ല. കാസര്‍ഗോട്ടെ സ്ഥിതിയും ഇതു തന്നെ. അഞ്ച് മണ്ഡലങ്ങളില്‍ രണ്ടിടത്തും ഓഫീസറില്ല. വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലത്തില്‍ രണ്ട് ഓഫീസര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോഴിക്കോട് പത്ത് മണ്ഡലങ്ങലിലും ഓഫീസര്‍മാരുണ്ട്. രണ്ടിടത്ത് മാത്രമാണ് ഒഴിവ്.
ഇതുവരെ കാണാത്ത പാക്കറ്റ് വെളിച്ചെണ്ണ മലയോര ഗ്രാമങ്ങളില്‍ വ്യാപകമാവുന്നത്. കച്ചവടക്കാരും ഉത്പ്പാദകരും തമ്മിലുള്ള ഒത്തുകളിയിലൂടെ ഇത്തരം കമ്പനികള്‍ വെളിച്ചെണ്ണ വില്‍പ്പനയിലൂടെ കോടികളാണ് കൊയ്യുന്നത്. കാസര്‍ഗോട്ടെ കേരള കര്‍ണ്ണാടക അതിര്‍ത്തിയായ പാണത്തൂരിലെ ഒരു കടയില്‍ മാത്രം 15 പെട്ടി വെളിച്ചെണ്ണയാണ് ഇങ്ങനെ കണ്ടെത്തിയിട്ടുള്ളത്. പായ്ക്കറ്റില്‍ വ്യക്തമായ വിലാസം പോലും രേഖപ്പെടുത്താതേയും വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ട്.Coconut-Oil-Web
ഇത്തരം വെളിച്ചെണ്ണയുടെ ഉറവിടം പോലും കണ്ടെത്താനാവാത്ത വിധമാണ് ഇവയുടെ വിപണനം. മലയോരത്ത് വാഹനങ്ങളില്‍ കൊണ്ട് വന്ന് അമിത ലാഭം നല്‍കുമെന്ന് പ്രോത്‌സാഹിപ്പിച്ച് കടകളില്‍ ഇറക്കുകയാണ് പതിവ്. കച്ചവടക്കാര്‍ക്ക് വന്‍ ലാഭം നല്‍കുന്നതിനായി പരമാവധി ചില്ലറ വില്‍പ്പന വില രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ രേഖപ്പെടുത്തിയ വിലയിലും എത്രയോ കുറച്ചു വിറ്റാലും കടക്കാര്‍ക്ക് നല്ല ലാഭം കിട്ടും. അതിനാല്‍ വ്യാജ പേരില്‍ നിര്‍മ്മിക്കുന്ന ഈ വെളിച്ചെണ്ണ ശുദ്ധമായതല്ലെന്നറിയാതെ ഉപഭോക്താക്കള്‍ കുടുങ്ങുകയാണ്. കഴിഞ്ഞ മെയ് മാസം കേരളത്തിലെ വിവിധ ജില്ലകളില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന 14 ബ്രാന്റുകളില്‍ വില്‍പ്പന നടത്തുന്ന വെളിച്ചെണ്ണയുടെ ഉത്പ്പാദനം, സംഭരണം, വിതരണം എന്നിവ വിലക്കിക്കൊണ്ട് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ കൊണ്ടു തന്നെ പേരുകള്‍ മാറ്റി ഇതേ ഉത്പ്പാദകര്‍ തന്നെ വെളിച്ചെണ്ണ നിര്‍മ്മിച്ച് വിപണിയിലിറക്കിയിട്ടുണ്ടെന്നാണ് സൂചന.
ആഘോഷ വേളകളില്‍ മാത്രം പരിശോധന ശക്തമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി കൊണ്ട് ഗുണഫലം കാര്യമായുണ്ടാകുന്നില്ലെന്നാണ് വസ്തുത. ആരോഗ്യ സുരക്ഷക്ക് ഭീഷണി വരുത്തുന്നതായി കണ്ടാല്‍ മാത്രമേ ഉത്പ്പാദകരെ ശിക്ഷിക്കാനും പിഴക്കും വിധിക്കാനാവൂ. എന്നാല്‍ ദീര്‍ഘ കാലം പാം കെര്‍ണല്‍ ഓയില്‍ ചേര്‍ത്ത വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മാരകമായ ഉദര രോഗങ്ങളായിരിക്കും ഫലം. നിലവില്‍ വെളിച്ചെണ്ണയില്‍ ഈ ഓയില്‍ ചേര്‍ത്താല്‍ പിഴയടപ്പിക്കാന്‍ മാത്രമേ വകുപ്പുള്ളൂ. നേരത്തെ മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയടക്കാന്‍ ശിക്ഷിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 50,000 ആക്കി ചുരുക്കി. ഇതിനു തന്നെ ആരെങ്കിലും അപ്പീല്‍ ഹരജിയിമായി പ്പോയാല്‍ നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലും തിരുവന്തപുരത്തെ അപ്പലറ്റ് അതോറിട്ടിയിലും വിസ്തരിക്കപ്പെടണം. കാലോചിതമായി നിയമം പരിഷ്‌ക്കരിക്കേണ്ടത് ജനങ്ങളുടെ സുരക്ഷക്ക് അനിവാര്യമായിരിക്കയാണ്.

Top