ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ തട്ടിപ്പ്; സിബിഐ സൈബര്‍ വിദഗ്ധന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് എളുപ്പമുള്ള കാര്യമല്ല. തത്കാല്‍ ടിക്കറ്റ് ലഭിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ബുക്കിങ്ങ് പൂര്‍ത്തിയാകുമ്പോള്‍ ടിക്കറ്റ് തീര്‍ന്നു എന്ന അറിയിപ്പാകും ലഭിക്കുക. പക്ഷേ ചില ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്താല്‍ ടിക്കറ്റ് ഉറപ്പായും ലഭിക്കുകയും ചെയ്യും. ഇതിന് പിന്നിലെ കാരണമായ കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ വലിയ തിരിമറികള്‍ നടക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റവെയര്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ വലിയ തോതില്‍ അനധികൃതമായി ബുക്ക് ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 800 മുതല്‍ 1000 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സോഫ്റ്റവെയറിലൂടെ സാധിക്കും. സിബിഐയില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗാണ് ഈ സൈബര്‍ കുറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ രഹസ്യമായി നടന്നുവന്നിരുന്ന ഒരു വലിയ സൈബര്‍ കുറ്റകൃത്യമാണ് പുറത്തുവന്നത്. മുന്‍പ് ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അജയ് ഗാര്‍ഗ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റവെയര്‍ ഉപയോഗിച്ച് രാജ്യത്തെ പല സ്ഥലങ്ങളിലെയും ട്രാവല്‍ ഏജന്‍സികള്‍ അനധികൃതമായി തത്കാല്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി അറിയാവുന്ന അജയ് അത് ഉപയോഗപ്പെടുത്തിയാണ് സോഫ്റ്റവെയര്‍ വികസിപ്പിച്ചെടുത്തത്. ഇത് പിന്നീട് രാജ്യത്തെ പല ട്രാവല്‍ ഏജന്‍സികള്‍ക്കും വില്‍ക്കുകയായിരുന്നു. ഈ സോഫ്റ്റവെയര്‍ ഉപയോഗിച്ച് നടക്കുന്ന ബുക്കിങ്ങുകള്‍ക്കനുസരിച്ച് നിശ്ചിത തുക തനിക്ക് ലഭിക്കുന്ന വിധത്തിലായിരുന്നു ഇടപാട്. ഈ വിധത്തില്‍ വലിയ തുകയാണ് ഓരോ ദിവസവും ബിറ്റ്‌കോയിന്‍, ഹവാല നെറ്റ്‌വര്‍ക്ക് വഴി ഇയാള്‍ നേടിക്കൊണ്ടിരുന്നത്. ഐടി നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അജയ് ഗാര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ മുംബൈ, ഉത്തര്‍പ്രദേശില ജൗന്‍പുരില്‍നിന്ന് നിരവധി ട്രാവല്‍ ഏജന്റുമാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനയില്‍ 89.42 ലക്ഷരൂപയും 61.29 ലക്ഷത്തിന്റെ സ്വര്‍ണവും നിരവധി കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തിവരികയാണെന്നും സിബിഐ അറിയിച്ചു.

Top